കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു

By Web DeskFirst Published Jul 26, 2016, 1:35 AM IST
Highlights

ചെന്നൈ: രണ്ടു മലയാളികളടക്കം 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിനുവേണ്ടി ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തുന്ന തെരച്ചില്‍ വ്യാപിപ്പിക്കും. ജലോപരിതലത്തില്‍ ഇതുവരെ നടത്തിയ അന്വേഷണം വിഫലമായ സാഹചര്യത്തിലാണ് തിരച്ചില്‍ കടലിനടിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. 

വിമാനത്തിന്‍റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കാത്തതാണ് രക്ഷാപ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. അപകടമുണ്ടാകുമ്പോള്‍ എമര്‍ജന്‍സ് ലൊക്കേറ്റര്‍ ട്രാന്‍സ്മറ്റര്‍ പ്രവര്‍ത്തിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യും. ഇത് വിമാനം എവിടെയാണെന്ന് കണ്ടെത്താന്‍ സഹായകമാകും.

ർതെരച്ചിലിനു കാലാവസ്ഥ വെല്ലുവിളിയായ സാഹചര്യത്തില്‍ നാവികസേന ഐ.എസ്.ആര്‍.ഒയുടെ സഹായം തേടിയിരുന്നു. 22 നു രാവിലെ എട്ടരയ്ക്കു തമിഴ്‌നാട്ടിലെ താംബരം വ്യോമതാവളത്തില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കു യാത്രതിരിച്ച എ.എന്‍32 ശ്രേണിയിലെ ചരക്കുവിമാനമാണു കാണാതായത്. 

പറന്നുയര്‍ന്ന് 16 മിനിറ്റില്‍ ലഭിച്ച റേഡിയോ സന്ദേശത്തില്‍ അപായസൂചന ഉണ്ടായിരുന്നില്ല. 9.12നു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.

കടലിന് 3,500 മീറ്ററും അതിനു മുകളിലും ആഴമുള്ള പ്രദേശത്താണു തെരച്ചില്‍ പുരോഗമിക്കുന്നത്. നാവികസേനയുടെയും വ്യോമസേനയുടെയും തീരരക്ഷാസേനയുടെയുമായി 18 കപ്പലുകളും എട്ടു വിമാനങ്ങളും ഒരു മുങ്ങിക്കപ്പലും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
 

click me!