ഗ്രൂപ്പ് ഘട്ടത്തിലെ ഈ കളികള്‍ വിട്ടു കളയരുതേ..!

By Web deskFirst Published Jun 13, 2018, 8:10 PM IST
Highlights
  • അര്‍ജന്‍റീനയ്ക്ക് തുടക്കത്തിലേ കടുത്ത പോരാട്ടം
  • ഐബീരിയന്‍ ഡര്‍ബിയില്‍ സ്പെയിനും പോര്‍ച്ചുഗലും

മോസ്കോ: ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മാത്രമേ കളിയുടെ ആവേശം കൊടുമുടി കയറുകയുള്ളുവെന്ന് പറയുന്നവരുണ്ട്. ഗ്രൂപ്പില്‍ നിന്ന് വന്മരങ്ങള്‍ ജയിച്ചു കയറി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കളി മാറുമെന്നത് ശരി. പക്ഷേ, ഗ്രൂപ്പിലെ ചില മത്സരങ്ങളുണ്ട്, ത്രില്ലര്‍ സിനിമ പോലെ സസ്പെന്‍സ് നിറഞ്ഞ പോരാട്ടങ്ങളായിരിക്കും അതൊക്കെയും. ഇത്തവണ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ വിട്ടു കളയാന്‍ പാടില്ലാത്തവ ഏതൊക്കെയാണെന്ന് നോക്കാം...

ഈജിപ്ത് -  ഉറുഗ്വെ

ഗ്രൂപ്പ് എ'യിലെ ഒന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരമായിരിക്കും ഈജിപ്തും ഉറുഗ്വെയും തമ്മിലുള്ളതെന്നാണ് ഫുട്ബോള്‍ പണ്ഡിതന്മാരുടെ വിലയിരുത്തല്‍. ലോകത്തിലെ മികച്ച മുന്നേറ്റ നിര താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായും ഇത് വാഴ്ത്തപ്പെടുന്നു. ഉറുഗ്വെയ്ക്ക് വേണ്ടി എഡിസണ്‍ കവാനിയും ലൂയി സുവാരസും ഇറങ്ങുമ്പോള്‍ ഈജിപ്തിന്‍റെ പ്രതീക്ഷകള്‍ മുഹമ്മദ് സലാ എന്ന ഒറ്റ താരത്തെ ചുറ്റിപ്പറ്റിയാണ്. ക്ലബ് മത്സരങ്ങളില്‍ മികവിന്‍റെ പാരമ്യത്തിലെത്തിയ പ്രകടനം നടത്തി എത്തുന്ന സലായ്ക്ക് രാജ്യാന്തര മത്സരത്തിന്‍റെ വലിയ വേദിയിലുള്ള ആദ്യ പരീക്ഷണം കൂടെയാണ് ലോകകപ്പ്. ഉറുഗ്വെയുടെ സ്ട്രെെക്കര്‍ ദ്വയങ്ങളും സലായും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കളിയില്‍ തീപടരുമെന്ന് ഉറപ്പ്.

സ്പെയിന്‍ - പോര്‍ച്ചുഗല്‍

റഷ്യന്‍ ലോകകപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ വരുന്ന ഏറ്റവും കടുപ്പമേറിയ പോരാട്ടമാണ് സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ളത്. രണ്ടു ടീമുകളിലെയും സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമാണ് മത്സരത്തെ ഹിറ്റ്ചാര്‍ട്ടില്‍ എത്തിക്കുന്നത്. ഈ മത്സരത്തില്‍ ജയിച്ചാല്‍  അനായാസം ഗ്രൂപ്പ് ഘട്ടം കടക്കാമെന്നതും ഇരു ടീമുകളുടെ പ്രതീക്ഷയാണ്. ഒരു ടീമും അവരുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങാന്‍ ഇഷ്ടപ്പെടില്ല. ഐബീരിയന്‍ ഡര്‍ബിയില്‍ വിജയിച്ചാല്‍ ലഭിക്കുന്ന വലിയ ആത്മവിശ്വാസം മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാവുകയും ചെയ്യും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്‍ നിര്‍ത്തി പറങ്കിപ്പട കളി മെനയുമ്പോള്‍ വന്‍ തോക്കുകളുടെ തമ്മിലിടിയാണ് സ്പാനിഷ് നിരയില്‍. 

ഇംഗ്ലണ്ട് - ബെല്‍ജിയം

ഇംഗ്ലണ്ട് ടീമും ഇംഗ്ലീഷ് നിരയെ അടിമുടി അറിയാവുന്ന സംഘവും തമ്മിലുള്ള കൊമ്പു കോര്‍ക്കലിനാണ് ജി ഗ്രൂപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മികച്ച ടീമുമായെത്തി ലോക വേദിയില്‍ പിന്തള്ളപ്പെട്ട് പോകുന്ന ശനിദശ മാറ്റിയെടുക്കാനാണ് ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് എത്തുന്നത്. അതേസമയം, സുവര്‍ണ തലമുറയെന്ന് ഇതിനകം വാഴ്ത്തപ്പെട്ട് കഴിഞ്ഞ ഏദന്‍ ഹസാര്‍ഡിനും കൂട്ടര്‍ക്കും ലോകകപ്പില്‍ ഒരുപാട് കാര്യങ്ങള്‍ തെളിയിക്കാനുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മിന്നും താരങ്ങളാണ് ബെല്‍ജിയത്തിന്‍റെ പടയില്‍ ഏറെയുമുള്ളത്. അത് കൊണ്ട് പരസ്പരം ശക്തി ദൗര്‍ബല്യങ്ങള്‍ എല്ലാം മനസിലാക്കിയാണ് ഇരു സംഘങ്ങളും വിജയം ലക്ഷ്യമാക്കി ഇറങ്ങുന്നത്. 

അര്‍ജന്‍റീന - ക്രൊയേഷ്യ

ഒരിക്കല്‍ സെമി വരെ എത്തിയതിന്‍റെ ചരിത്രം വീണ്ടും തിരുത്തി കുറിക്കണമെന്നുള്ള വാശിയിലാണ് ക്രൊയേഷ്യന്‍ സംഘം. കഴിഞ്ഞ തവണ കെെയില്‍ നിന്ന് വഴുതിപ്പോയ കിരീടം എത്തിപ്പിടിക്കാന്‍ അര്‍ജന്‍റീനയും കൊതിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. പ്രാഥമിക മത്സരങ്ങളില്‍ തന്നെ ലോകകപ്പിലെ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും അണിനിരക്കുന്ന ക്രൊയേഷ്യന്‍ മിഡ്‍ഫീല്‍ഡിനെ തളച്ചിടാന്‍ പഠിച്ച പണി പതിനെട്ടും മഷറാനോയും കൂട്ടരും നടത്തേണ്ടി വരും. തിരിച്ചടികളില്‍ നിന്ന് തിരിച്ചടികളിലേക്ക് പോകുന്ന മെസിപ്പടയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം കൂടെയാണ് ഈ പോരാട്ടം. 
 

click me!