മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് മാത്യു ടി.തോമസ്; പ്രതികരിക്കാൻ തയ്യാറായില്ല

By Web TeamFirst Published Nov 23, 2018, 4:23 PM IST
Highlights

മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ കേന്ദ്രനേതൃത്വം നിർദേശിച്ചതിനോട് അതൃപ്തിയോടെ പ്രതികരിച്ച് മന്ത്രി മാത്യു ടി.തോമസ്. തീരുമാനം അറി‍ഞ്ഞിട്ടില്ലെന്നാണ് മാത്യു ടി.തോമസിന്‍റെ പ്രതികരണം.

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ജെഡിഎസ് കേന്ദ്രനേതൃത്വം നിർദേശിച്ചതിലെ അതൃപ്തി മറച്ചുവയ്ക്കാതെ മന്ത്രി മാത്യു ടി. തോമസ്. ദേശീയനേതൃത്വത്തിന്‍റെ തീരുമാനം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മാത്യു ടി.തോമസ് വ്യക്തമാക്കി. 

മന്ത്രിസ്ഥാനത്തെച്ചൊല്ലി ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പാർട്ടിയുടെ എല്ലാ എംഎൽഎമാരോടും ഇന്ന് ബെംഗലുരുവിലെത്തി തന്നെ കാണാൻ നിർദേശം നൽകിയത്. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി മാത്യു ടി.തോമസ് വരില്ലെന്നറിയിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പ് വിളിച്ച സമവായചർച്ചയിലും പങ്കെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മാത്യു ടി.തോമസ്. ഇതിൽ ദേവഗൗഡയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മാത്രമല്ല, സംസ്ഥാനനേതൃത്വത്തിൽ മാത്യു ടി.തോമസിനെതിരായ വികാരമാണുള്ളതെന്ന് കാട്ടി ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയും ദേവഗൗഡയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. 

ഏകപക്ഷീയമായി മന്ത്രിയെ നീക്കിക്കൊണ്ടുള്ള ദേശീയനേതൃത്വത്തിന്‍റെ തീരുമാനം സംസ്ഥാനഘടകത്തിൽ പിളർപ്പുണ്ടാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയ്ക്കടക്കം മാത്യു ടി.തോമസ് തന്നെ മന്ത്രിയായി തുടരുന്നതിലായിരുന്നു താത്പര്യം. എന്നാൽ ഘടകകക്ഷിയുടെ ദേശീയനേതൃത്വം തന്നെ ഇടപെട്ട് മന്ത്രിയോട് ഒഴിയാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഇനി മുഖ്യമന്ത്രിയോ ഇടത് നേതൃത്വമോ അതിനെ തള്ളിപ്പറയാനിടയില്ല.

എന്നാൽ തന്‍റെ കുടുംബത്തിന് നേരെ അടുത്ത കാലത്ത് ഉയർന്ന ചില ആരോപണങ്ങൾ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുകൊണ്ടാണെന്ന രോഷം മാത്യു.ടി.തോമസിനുണ്ട്. മന്ത്രിയുടെ ഭാര്യ ജാതി വിളിച്ച് അപമാനിച്ചെന്ന് ഒരു മുൻ ജീവനക്കാരി പരാതി നൽകിയിരുന്നു. പരാതിക്കാരിയെ എതിർചേരി ഉപയോഗിക്കുകയായിരുന്നെന്നാണ് മാത്യു ടി.തോമസിന്‍റെ ആരോപണം. 

click me!