
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യാക്കാരുടെ സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക സ്‌നേഹിയായ സണ്ണിച്ചായന്‍ വിടവാങ്ങി. വൈകിട്ട് നാലിന് കുവൈറ്റിലെ ഖാദിസിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. ഒരു വര്‍ഷമായി രോഗബാധിതനായി കിടപ്പിലായിരുന്നു മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ട സണ്ണിച്ചായന്‍.
1990 ഓഗസ്റ്റ് രണ്ടിന് കുവൈത്തില്‍ ഇറാക്ക് നടത്തിയ അധിനിവേശ പോരാട്ടത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഇന്ത്യന്‍ പ്രവാസികളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ ജീവന്‍പോലും പണയംവച്ച് രംഗത്തിറങ്ങിയ സാമൂഹിക സ്നേഹിയാണ് സണ്ണിച്ചായന്‍. 1,70,000 ഇന്ത്യാക്കാരെ സുരക്ഷിതമായി സ്വദേശത്തേക്കെത്തിക്കാന്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍.
1990 ഓഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ 11 വരെ പ്രശ്‌നബാധിത പ്രദേശത്തുനിന്ന് ജനങ്ങളെ കൂട്ടത്തോടെ രക്ഷപ്പെടുത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു ഇത്. 63 ദിവസങ്ങള്‍കൊണ്ട് 488 സര്‍വീസുകള്‍ നടത്തി എയര്‍ ഇന്ത്യ ഓപ്പറേഷന്‍ ഡെസേര്‍ട്ട് ഷീല്‍ഡ് എന്ന ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍ ടൊയോട്ട സണ്ണിയായിരുന്നു. ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് ഡോക്ടമാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്ന സമയത്താണ് വിശ്രമംപോലും ഉപേക്ഷിച്ച് നടത്തിയ പോരാട്ടം ആയിരങ്ങള്‍ക്ക് ആശ്വാസമായത്. 2016 ല്‍ ഇറങ്ങിയ ഏയര്‍ലിഫ്റ്റ് എന്ന ചലച്ചിത്രത്തിലെ അക്ഷയ്കുമാര്‍ അഭിനയിച്ച നായകവേഷം ഇദ്ദേഹത്തിന്‍റെ ജീവിതം കൂടി അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതാണ്.
1956 ഒക്‌ടോബര്‍ 31ന് തന്റെ ജന്മദിനത്തിലാണ് മാത്യൂസെന്ന 21 കാരന്‍ പത്തനംതിട്ടയില്‍ നിന്ന് കുവൈത്തിലെത്തിയത്. അല്‍ സായര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുവൈത്തിലെ ടൊയോട്ട കമ്പനിയില്‍ ടൈപ്പിസ്റ്റായി ജോലി ആരംഭിച്ച അദ്ദേഹം നാലു പതിറ്റാണ്ട് കൊണ്ട് കമ്പനിയുടെ ജനറല്‍ മാനേജര്‍ പദവിവരെ അലങ്കരിച്ചു. ടയോട്ട കമ്പനിയിലെ ജോലിയാണ് അദ്ദേഹത്തിന് ടൊയോട്ട സണ്ണി എന്ന വിളിപ്പേര് നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam