മഥുര സംഘര്‍ഷം: പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലം സന്ദർശിച്ചു

By Web DeskFirst Published Jun 5, 2016, 2:00 PM IST
Highlights

ലക്നോ: മഥുരയിലെ സംഘർഷത്തെക്കുറിച്ചന്വേഷിയ്ക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് സംഭവസ്ഥലം സന്ദർശിച്ചു. അലിഗഢ് പൊലീസ് കമ്മീഷണർ ചന്ദ്രകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇന്ന് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തത്. അതിനിടെ, പാർക്ക് കയ്യേറി സമരം നടത്തിയവരെ ഒഴിപ്പിയ്ക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ സമരനേതാവ് രാം വൃക്ഷ് യാദവ് കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മഥുരയിലെ ജവഹർ പാർക്ക് കയ്യേറി സമരം നടത്തിയവരെ ഒഴിപ്പിയ്ക്കാനായി പൊലീസെത്തിയപ്പോൾ ഗ്യാസ് സിലിണ്ടറുകളും ഗ്രനേഡുകളും കത്തിച്ച് പൊലീസിനു നേരെ എറിയുന്നതുൾപ്പടെയുള്ള അക്രമങ്ങളിലേയ്ക്ക് സമരക്കാർ തിരി‌ഞ്ഞു. ഈ സംഘർഷത്തിനിടെയാണ് രാം വൃക്ഷ് യാദവ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മറ്റുള്ളവരുടെ മൃതദേഹങ്ങൾ പൂർണമായും തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അക്രമത്തിന് ദൃക്സാക്ഷികളായവരുടെ മൊഴിയും സംഘം ശേഖരിച്ചു. അക്രമത്തിൽ മരിച്ച പൊലീസുകാരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം ഇരുപത് ലക്ഷത്തിൽ നിന്ന് അൻപത് ലക്ഷം രൂപയാക്കി ഉയർത്തിയതായി ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

 

click me!