
ആലപ്പുഴ: മാവേലിക്കര സർവ്വീസ് സഹകരണ ബാങ്കിലെ തഴക്കര ശാഖയിൽ ഇടപാടുകാരനറിയാതെ അക്കൗണ്ടിലൂടെ കോടികളുടെ കൈമാറ്റം നടത്തിയ സംഭവം ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം. ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിലാണ് കോടികളുടെ തിരിമറി കണ്ടെത്തിയത്. സസ്പെൻഷനിലായ ബാങ്ക് മാനേജരും അന്വേഷണ സംഘത്തിലെ ചിലരും ചേർന്ന് പണവും പാരിതോഷികവും വാഗ്ദാനം ചെയ്തെന്ന് അക്കൗണ്ട് ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പലവക തിരിമറികളിലൂടെ കോടികളുടെ ക്രമക്കേട് നടന്ന മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 2011ൽ തഴക്കര സ്വദേശി അജിമോൻ തുടങ്ങിയ 56 ആം നമ്പർ അക്കൗണ്ടിലൂടെ 23 കോടിയിലേറെ രൂപയുടെ കൈമാറ്റം നടന്നിരിക്കുന്നു. 77 രൂപ മാത്രം അക്കൗണ്ടിലുള്ളുവെന്ന് അജി പറയുന്നു. 2012ൽ വിദേശത്ത് പോയ അജി മടങ്ങിയെത്തിയത് 2014ൽ. ചിട്ടി തുടങ്ങാനായി അക്കൗണ്ട് എടുത്തതല്ലാതെ ആയിരം രൂപ പോലും അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന് അജി പറയുന്നു.
ഉദ്യോഗസ്ഥ പിഴവെന്ന് വരുത്തി തീർക്കാൻ അജിയെ വിളിച്ച് വരുത്തി അക്കൗണ്ടിൽ 77 രൂപയേ ഉള്ളൂവെന്ന് എഴുതി വാങ്ങി. ബാങ്കിൽ ക്രിത്രിമം കാണിച്ചതിന് സസ്പെൻഷനിലായ മാനേജരും ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ചിലരും എഴുതി നൽകാൻ പണവും പാരിതോഷികവും വാഗ്ദാനം നൽകിയെന്നും അജി പറയുന്നു.
തഴക്കര ശാഖയിൽ 30 കോടിക്ക് മുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ജോയിന്റ് രജിസ്ട്രാർ നൽകിയ ഇടക്കാല റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തിരിമറികൾ നടന്നിട്ടുണ്ടെന്ന് ബാങ്ക് സെക്രട്ടറിയും സമ്മതിക്കുന്നു. ഇത്ര ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും സഹകരണ വകുപ്പിലെ ഉന്നതരടക്കം കുറ്റക്കാർക്ക് ചൂട്ട് പിടിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam