വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ യാത്രക്കാരിക്ക് കൈത്താങ്ങായി മലയാളി വനിത ഡോക്ടർ. ബെംഗളൂരുവിൽ നിന്ന് റാഞ്ചിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. മലയാളി ഡോക്ടറായ ജസീന സിദ്ദിഖീയാണ് യാത്രക്കാരിക്ക് രക്ഷകയായത്.

ദില്ലി: വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ യാത്രക്കാരിക്ക് കൈത്താങ്ങായി മലയാളി വനിത ഡോക്ടർ. ഇന്നലെ ബെംഗളൂരുവിൽ നിന്ന് റാഞ്ചിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ജാർഖണ്ഡിലെ സർക്കാർ സർവീസിലെ മലയാളി ഡോക്ടറായ ജസീന സിദ്ദിഖീയാണ് യാത്രക്കാരിക്ക് രക്ഷകയായത്. ബെംഗളൂരുവിൽ നിന്ന് വിമാനം റാഞ്ചിക്ക് പറന്നു പൊങ്ങിയതിന് പിന്നാലെയാണ് യാത്രക്കാരിക്ക് ശാരീരികഅസ്വസ്ഥത ഉണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ക്കൊപ്പം യാത്രക്കാരിയുടെ ചെവിയിൽ നിന്ന് രക്തം വാർന്ന് ഒഴുകുകയും ചെയ്തു. ഈ സമയത്ത് വിമാനത്തിന്‍റെ ക്യാബിൻ ക്രൂ യാത്രക്കാരും ഡോക്ടർമാർ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചു. ഇതോടെയാണ് ജസീന പെട്ടെന്ന് യാത്രക്കാരിയുടെ അടുത്തേക്ക് എത്തുകയും അവർക്ക് വേണ്ട പ്രാഥമിക ചികിത്സ നൽകുകയും ചെയ്തത്. 

ആദ്യഘട്ട ചികിത്സ നൽകി യാത്രക്കാരിക്ക് ആവശ്യമായ സഹായം നൽകിയതോടെ വിമാനത്തിന് മറ്റൊരു വിമാനത്താവളത്തിലും അടിയന്തരമായി ഇറങ്ങേണ്ട ആവശ്യം വന്നില്ല. തുടര്‍ന്ന് നേരിട്ട് റാഞ്ചിക്ക് പോകാനായി. ജസീനയുടെ അടിയന്തര സാഹചര്യത്തിലെ ഇടപെടൽ കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്രൂ സ്വന്തം കൈപ്പടയിൽ പ്രശംസ പത്രം നൽകി ആദരിച്ചു. വർഷങ്ങളായി ജാർഖണ്ഡ് സർക്കാർ സർവീസിലെ ഡോക്ടറാണ് ജസീന സിദ്ദിഖി. ജാർഖണ്ഡിലെ വനം കൃഷി സെക്രട്ടറി അബൂബക്കർ സിദ്ദിഖി ഐഎഎസി‍ന്‍റെ ഭാര്യയാണ്.