മുരുകന്റെ മരണം: വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് മെഡിക്കല്‍കോളേജ്

Web Desk |  
Published : Aug 18, 2017, 07:13 PM ISTUpdated : Oct 05, 2018, 12:06 AM IST
മുരുകന്റെ മരണം: വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് മെഡിക്കല്‍കോളേജ്

Synopsis

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഐ.സി.യു. സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന വാദത്തില്‍ ഉറച്ച് ആശുപത്രി സൂപ്രണ്ട്. വെന്റിലേറ്റര്‍ ഒഴിവുണ്ട് എന്ന തരത്തില്‍ പോലീസിനോ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ മെഡിക്കല്‍ കോളേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. മുരുകനെ ആശുപത്രിയില്‍കൊണ്ടുവന്ന ദിവസം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ പത്രക്കുറിപ്പ് പുറത്തിറക്കിയത്.

മൂന്ന് മിനറ്റിലധികം സമയം സ്വന്തമായി ശ്വാസോഛ്വാസം ചെയ്യാന്‍ കഴിയാതെ വന്നാല്‍ തലച്ചോറിലെ പ്രത്യേക കോശങ്ങള്‍ക്ക് കേടുപാട് സംഭവിക്കും. ഇത്തരം രോഗികള്‍ക്കാണ് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നത്. മെഡിക്കല്‍ കേളേജിലെ വിവിധ ഐ.സി.യു.കളില്‍ രോഗികള്‍ക്ക് ഉടന്‍ ഉപയോഗിക്കുന്ന സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് പറയുന്നു. ദൈര്‍ഘ്യമേറിയ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ അത്തരം രോഗികള്‍ക്കായി വെന്റിലേറ്റര്‍ ഒഴിച്ചു വയ്ക്കുന്നു. ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കും ശ്വാസതടസം ഉണ്ടാകാം. ഇത്തരം രോഗികള്‍ക്കായി ഒരു വെന്റിലേറ്റര്‍ സ്റ്റാന്‍ഡ് ബൈയായി വയ്ക്കാറുണ്ട്.

തലച്ചോറാണ് ശ്വാസോച്ഛാസം നിയന്ത്രിക്കുന്നതിനാല്‍ ന്യൂറോ സര്‍ജറി കഴിഞ്ഞ എല്ലാ രോഗികള്‍ക്കും വെന്റിലേറ്റര്‍ ആവശ്യമുണ്ട്. വെന്റിലേറ്ററില്‍ നിന്നും മാറ്റിയ രോഗിയായിരുന്നാലും അവര്‍ക്ക് ടിപീസ് ഘടിപ്പിച്ചിരിക്കുകയും വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈയായി സൂക്ഷിക്കാറുമുണ്ട്. രക്തസ്രാവമോ, രക്തം കട്ട പിടിയ്ക്കുകയോ ചെയ്താല്‍ വീണ്ടും വെന്റിലേറ്റര്‍ ഘടിപ്പിക്കും. മാത്രവുമല്ല ഇത്തരം വെന്റിലേറ്ററുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ കേടാകാന്‍ സാധ്യത കൂടുതലാണ്. ഈയൊരു അപകട സാധ്യത മുന്നില്‍ കണ്ടും ഒരു സ്റ്റാന്റ് ബൈ വെന്റിലേറ്റര്‍ സൂക്ഷിക്കാറുണ്ട്. വെന്റിലേറ്റര്‍ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഇങ്ങനെ സ്റ്റാന്റ് ബൈ വെന്റിലേറ്ററുകള്‍ സൂക്ഷിക്കാറുണ്ട്.

ഒരു രോഗിയെ പെട്ടെന്ന് വെന്റിലേറ്ററിലാക്കുന്നതു പോലെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല. രോഗിയെ വെന്റിലേറ്ററില്‍ നിന്നും ഘട്ടം ഘട്ടമായി മാറ്റിയ ശേഷം ആ വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈയാക്കുന്നു. പൂര്‍ണമായും ആ രോഗി സ്വതന്ത്രമായി ശ്വസിക്കുമ്പോഴാണ് ആ വെന്റിലേറ്റര്‍ സ്വതന്ത്രമാകുന്നത്. ഇത്തരത്തിലുള്ള സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെ ഒഴിവുണ്ടായിരുന്നു എന്ന തരത്തില്‍ വ്യാഖ്യാനം നല്‍കരുതെന്നും സൂപ്രണ്ട് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര