മക്കയില്‍ 17 ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിട ലൈസന്‍സ്

By Web DeskFirst Published Aug 13, 2017, 12:42 AM IST
Highlights

മക്കയില്‍ പതിനേഴു ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായി മക്ക പാര്‍പ്പിട സമിതി അറിയിച്ചു. കപ്പല്‍ മാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവ് ആരംഭിച്ചു. അഞ്ചര ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ ഇതുവരെ സൌദിയിലെത്തി.

 ഹജ്ജ് തീര്‍ഥാടകാര്‍ക്ക് താമസിക്കാനായി പുതുതായി 144 കെട്ടിടങ്ങള്‍ക്ക് മക്കയിലെ ഹജ്ജ് പാര്‍പ്പിട സമിതി ലൈസന്‍സ് അനുവദിച്ചു. ഇതുപ്രകാരം 19544 റൂമികളിലായി 85801 തീര്‍ഥാടകര്‍ക്ക് കൂടി താമസ സൗകര്യം ലഭിക്കും. ഇതോടെ മക്കയില്‍ ഇതുവരെ 3832 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. 3,59,084റൂമികളിലായി 17,11,046 തീര്‍ഥാടകര്‍ക്ക് ഈ കെട്ടിടങ്ങളില്‍ താമസിക്കാം. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളത് അസീസിയ ഭാഗത്താണ്. 1721 കെട്ടിടങ്ങളിലായി 8,48,704 തീര്‍ഥാടകര്‍ക്ക് ഇവിടെ താമസിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ താമസിക്കുന്നത് അസീസിയയിലാണ്.

മിസ്ഫലയില്‍ 721 ഉം ഉതൈബിയില്‍ 645-ഉം ഹറം ഏരിയയില്‍ 549 ഉം റുസൈഫയില്‍ 196 ഉം കെട്ടിടങ്ങളില്‍ തീര്‍ഥാടകര്‍ താമസിക്കും. നാല് മുതല്‍ മുപ്പത്തിയാറ് നിലകള്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കിയതായി മക്ക പാര്‍പ്പിട സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ മാസിന്‍ അല്‍ സിനാരി അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് കര്‍ശനമായ നിബന്ധനകളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്‌. ഹറം പള്ളിക്കടുത്ത കെട്ടിടങ്ങളില്‍ പാചകവാതകം നിരോധിച്ചിട്ടുണ്ട്. അതേസമയം കപ്പല്‍ വഴിയുള്ള തീര്‍ഥാടകരുടെ വരവ് ആരംഭിച്ചു. സുഡാനില്‍ നിന്നും ജിദ്ദ തുറമുഖത്തെത്തിയ ആദ്യ സംഘത്തില്‍ 252 സ്ത്രീകള്‍ ഉള്പ്പെടെ 480 തീര്‍ഥാടകര്‍ ആണ് ഉണ്ടായിരുന്നത്. അല്‍ മവദ്ദ എന്ന സൗദി കപ്പലിലാണ് ഇവര്‍ ഹജ്ജിനെത്തിയത്. ഇതുവരെ അഞ്ചര ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ സൌദിയിലെത്തി.

click me!