
ജിദ്ദ:മക്കയില്‍ തുരങ്കങ്ങളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഇനി തുരങ്കത്തിലൂടെ സുഗമമായി യാത്ര ചെയ്യാം. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് പ്രയാസരഹിതമായി കര്‍മങ്ങള്‍ അനുഷ്‌ടിക്കാനും യാത്ര ചെയ്യാനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മക്കയിലെ തുരങ്കങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്തിയത്. ഈ പണികള്‍ പൂര്‍ത്തിയായതായും തുരങ്കങ്ങള്‍ പൂര്‍ണതോതില്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകുമെന്നും മക്കാ നഗരസഭ അറിയിച്ചു.
മലകള്‍ നിറഞ്ഞ മക്കാ നഗരത്തില്‍ വാഹന ഗതാഗതത്തിനും നടക്കാനുമായി തുരങ്കങ്ങള്‍ ഉള്ളത് കൊണ്ടാണ് തീര്‍ഥാടകര്‍ക്ക് ഒരു പരിധിവരെ അനായാസം കര്‍മങ്ങള്‍ അനുഷ്‌ടിക്കാന്‍ സാധിക്കുന്നത്. ചെറുതും വലുതുമായ അമ്പതിയെട്ട് തുരങ്കങ്ങള്‍ ആണ് ഹറം പള്ളിയുടെ ചുറ്റുഭാഗത്തുമുള്ളത്. തുരങ്കങ്ങളുടെ ആകെ നീളം മുപ്പത് കിലോമീറ്ററില്‍ കൂടുതല്‍ വരും. പുതിയ ചില ടണലുകളും മക്കാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുരങ്കങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍, ലൈറ്റുകള്‍, ഫാനുകള്‍ തുടങ്ങിയവയുടെയെല്ലാം അറ്റകുറ്റപണികള്‍ പൂര്‍ത്തിയായതായി നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി ഖാലിദ് അല്‍ ഹൈജ് അറിയിച്ചു. 66,935 ലൈറ്റുകള്‍ ആണ് ഈ തുരങ്കങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. 599 ഫാനുകള്‍, 42 സ്‌പെയര്‍ ഇലക്ട്രിക് ജനറേറ്ററുകള്‍, 39 ടണല്‍ ഓപ്പറേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്നു. കൂടാതെ അത്യാധുനിക ഗ്യാസ് സെന്‍സര്‍, കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍, ശീതീകരണ സംവിധാനങ്ങള്‍ തുടങ്ങിയവയുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam