
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. അനാവശ്യ വിവാദം വേണ്ടെന്നായിരുന്നു നിര്‍ദേശം. കെപിസിസി പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്‍റെ വിശദീകരണം.
താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രോസിക്യൂഷന് തെറ്റ് പറ്റിയെങ്കിൽ സർക്കാർ തിരുത്തുകയാണ് വേണ്ടത്. അതിജീവിതക്ക് നീതി കിട്ടണം എന്നാണ് തന്റെയും അഭിപ്രായം. കെപിസിസിയും അത് പറഞ്ഞിട്ടുണ്ട്. അപ്പീൽ പോകുന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കണം. അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അടൂര്‍ പ്രകാശ് അത് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും കുറ്റപ്പെടുത്തി.