അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി, ഇനിയും അത് തുടരുമെന്ന് മുഖ്യമന്ത്രി; 'അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാട്'

Published : Dec 09, 2025, 11:47 AM ISTUpdated : Dec 09, 2025, 11:51 AM IST
Pinarayi vijayan

Synopsis

അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും. അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പിടി കുഞ്ഞുമുഹമ്മദിനെതിരായ ഇമെയിൽ സന്ദേശം കിട്ടിയ ഉടനെ കൈമാറിയിട്ടുണ്ടെന്നും അതിൽ കാല താമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീന‍ർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ രം​ഗത്തെത്തി. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂര്‍ പ്രകാശിന്‍റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസൻ പറഞ്ഞു. കോൺ​ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺ​​ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരന്‍റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്ന് പറഞ്ഞ അടൂർ പ്രകാശ് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമാക്കി. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു