സ്വാശ്രയ ഫീസ് ഘടന: പിഴവ് പറ്റിയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി

By Web DeskFirst Published Jul 7, 2017, 8:18 PM IST
Highlights

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് ഘടനയിൽ മാറ്റം വരുന്നു. ഏകീകൃത ഫീസിന് പകരം കഴിഞ്ഞ വര്‍ഷത്തെ പോലെ നാല് തരം ഫീസ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വാശ്രയ ഓര്‍ഡിനൻസിൽ പിശകുപറ്റിയെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു 

ഉയര്‍ന്ന ഫീസ് , ചട്ടം ലംഘിച്ച് ഓര്‍ഡിനൻസ് , ഓര്‍ഡിനൻസ് ലംഘിച്ച് ഫീസ് റഗുലേറ്ററി കമ്മിറ്റി രൂപീകരണം. അടിമുടി ആശയക്കുഴപ്പവും പ്രതിഷേധവും ഒപ്പം വൻ നിയമക്കുരുക്കണ്ടാകുമെന്ന മുന്നറിയിപ്പുമാണ് ഫീസ് ഘടനയിൽ തിരുത്ത് വരുത്താൻ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കുന്നത്. എംഇഎസ് അടക്കം എട്ട് മാനേജുമെന്റുകൾ കഴിഞ്ഞ വര്‍ഷത്തെ പോലെ നാല് തരം ഫീസാകാമെന്ന നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നിൽ വച്ചിട്ടുണ്ട്. 

തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ഫീസ് ഘടനയാണെന്നും മാനേജ്മെന്‍റുകള്‍ പറയുന്നു. ഇതോടെ നീറ്റ് അടിസ്ഥാനത്തിൽ  ഏകീകൃത ഫീസ് ഘടനയെന്ന തീരുമാനത്തിൽ നിന്ന് ആരോഗ്യമന്ത്രിയും പിന്നോട്ട് പോയി. പാവപ്പെട്ട കുട്ടികൾക്ക് 25000 രൂപയും ജനറൽ വിഭാഗത്തിന് രണ്ടര ലക്ഷം രൂപയും എന്ന മുൻവര്‍ഷത്തെ ഫീസ് ഘടന അതേപടി നിലനിര്‍ത്തുകയും മാനേജ്മെന്റ് എൻആര്‍ഐ ഫീസ് നിരക്കുകൾ മാത്രം കൂട്ടാനുമാണ് നീക്കം. 

അഞ്ചര ലക്ഷമെന്ന ഏകീകത ഫീസ് ഘടനക്കെതിരെ തന്നെ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു .  ഇനിയും ഫീസ് നിരക്ക് കൂട്ടുന്നത് വൻ എതിര്‍പ്പുകൾക്ക് ഇടയാക്കുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്. തിരക്കിട്ട് ഇറക്കിയ ഓര്‍ഡിനൻസിലും തെറ്റുണ്ടെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. ഫീസ് നിരക്കുമാറ്റുന്നതടക്കമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാൻ തിങ്കളാഴ്ച മെഡിക്കൽ മാനേജ്മെന്റ് പ്രതിനിധികൾ യോഗം ചേരും 
 

click me!