Latest Videos

മെഡിക്കൽ കോഴ വിവാദം: ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ

By Nirmala babuFirst Published Jan 16, 2018, 2:37 PM IST
Highlights

ദില്ലി: മെഡിക്കൽ കോഴ കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിലെ അഞ്ചു ജഡ്ജിമാർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയ നാലുപേർക്കൊപ്പം ജസ്റ്റിസ് സിക്രിക്കും പരാതി നൽകിയിട്ടുണ്ട്. മെഡിക്കൽ കോഴക്കേസിൽ സിബിഐ കണ്ടെടുത്ത റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് കത്തിനാധാരം. 

അറസ്റ്റിലായ ഒഡീഷ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഐഎം ഖുദ്ദുസ്സി, ഇടനിലക്കാരൻ വിശ്വനാഥ് അഗർവാല, കോളേജ് ഉടമ ബിപി യാദവ് എന്നിവരുടെ സംഭാഷണം പുറത്തുവന്നതോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയുള്ള ആരോപണം സജീവമായത്. കോടതിയെ അന്പലമെന്നും കൈക്കൂലി പ്രസാദമെന്നും വിശേഷിപ്പിച്ചാണ് സംഭാഷണം. രണ്ടരകോടി രൂപ ഉടൻ വേണമെന്നാണ് ജഡ്ജി ആവശ്യപ്പെടുന്നതെന്ന് പറയുന്നു. ജഡ്ജി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും ചായക്കാരൻറെ സർക്കാർ നിരീക്ഷിക്കുന്നതാണ് തടസ്സമെന്നും ഒരു ഘട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. സംഭാഷണത്തിൻറെ വിശദാംശം സ്ഥിരീകരിക്കാൻ സിബിഐ തയ്യാറായിട്ടില്ല. ജഡ്ജിമാർക്കെതിരെ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷൻറെ ഹർജി നേരത്തെ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് തള്ളിയിരുന്നു. 

ലക്നൗവിലെ പ്രസാദ് മെഡിക്കൽ ട്രസ്റ്റിൻറെ മെഡിക്കൽ കോളേജിന് അനുമതി നല്കുന്നതിനായി, സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് അനുകൂലമാക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. മെഡിക്കൽ കോളേജ് പ്രവേശനകേസ് കേട്ടിരുന്നത് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബഞ്ചായിരുന്നു. അങ്ങനെയാണ് ചീഫ് ജസ്റ്റിസിനെതിരെയും ആരോപണമുയർന്നത്. ചീഫ് ജസ്റ്റിസിനെതിരെയും അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷൺ പുതിയ പരാതിയിലൂടെ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരെ തെളിവൊന്നും ഇതുവരെ ഇല്ലെങ്കിലും അദ്ദേഹത്തിനു പകരം രണ്ടാമത്തെ ജഡ്ഡിയായ ജസ്റ്റിസ് ജെ ചലമേശ്വർ അന്വേഷണക്കാര്യം തീരുമാനിക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.

click me!