സര്‍ക്കാര്‍ ജോലി കിട്ടാന്‍ 22കാരന്‍ അച്ഛനെ കഴുത്തറുത്ത് കൊന്നു

By Web DeskFirst Published Feb 10, 2018, 8:12 PM IST
Highlights

ആശ്രിത നിയമനപ്രകാരം സര്‍ക്കാര്‍ ജോലി കിട്ടാനായി 22കാരന്‍ അച്ഛനെ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സര്‍ക്കാര്‍ ജോലി ഇല്ലാതെ തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് കാമുകി നിര്‍ബന്ധം പിടിച്ചതോടെയാണ് യുവാവ് കടുംകൈയ്‌ക്ക് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് കൊല്ലപ്പെട്ടത്.

കസ്മാബാദ് ഗ്രാമത്തിലെ കാട്ടില്‍ നിന്നാണ് ഫെബ്രുവരി ഒന്നിന് ഗ്രാമവാസികള്‍ ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കഴുത്തറുത്താണ് കൊല്ലപ്പെടുത്തിയതെന്ന് മനസിലായതോടെ പൊലീസ് പലരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് മകന്‍ തരുണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കഴിഞ്ഞ ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് സമ്മതിച്ചു. 21 കാരനായ സുഹൃത്ത് സണ്ണിയുടെ സഹായത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നും മകന്‍ പൊലീസിനോട് സമ്മതിച്ചു.

2016ല്‍ സി.ആര്‍.പി.എഫ് റിക്രൂട്ട്മെന്റ് പരീക്ഷ പാസായ തരുണ്‍ പക്ഷേ മെഡിക്കല്‍ പരിശോധനയില്‍ അയോഗ്യനായി. എന്നാല്‍ തനിക്ക് ജോലി കിട്ടിയെന്നായിരുന്നു എല്ലാവരോടും തരുണ്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേറൊരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് അച്ഛനെ കൊന്ന് ആശ്രിത നിയമനം നേടാന്‍ ഗൂഢാലോചന നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. അച്ഛനെ പാടത്തേക്ക് പറഞ്ഞയച്ച ശേഷം സുഹൃത്തിനൊപ്പം പിന്നാലെ ചെന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. കൊല്ലാനുപയോഗിച്ച കത്തിക്ക് പുറമെ സി.ആര്‍.പി.എഫ് യൂണിഫോം, ബാഡ്ജുകള്‍, തൊപ്പി തുടങ്ങിയവയെല്ലാം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

click me!