സിപിഎം ഏരിയ സമ്മേളനം ലൈവാക്കി; അംഗത്തെ സമ്മേളനത്തിൽ നിന്നും പുറത്താക്കി

By Web DeskFirst Published Dec 9, 2017, 9:06 AM IST
Highlights

ഇടുക്കി: സിപിഎം ഏരിയ സമ്മേളനത്തിൻറെ പ്രതിനിധി സമ്മേളനം ഫെയ്സ്ബുക്കു വഴി ലൈവ് ചെയ്ത ഏരിയ കമ്മറ്റി അംഗത്തെ സമ്മളനത്തിൽ നിന്നും പുറത്താക്കി. ഇടുക്കിയിലെ ശാന്തൻപാറയിലാണ് സംഭവം. നേതാക്കൾ പിടിച്ചു വാങ്ങിയ മൊബൈൽ ഫോൺ ഒരു ദിവസത്തിനു ശേഷമാണ് തിരിച്ചു നൽകിയതെന്ന പരാതിയുമായി ഏരിയ കമ്മറ്റി അംഗം രംഗത്തെത്തി.

കഴിഞ്ഞ 29 വർഷമായി ശാന്തൻപാറയിലെ സജീവ സിപിഎം പ്രവർത്തകനും ഏരിയ കമ്മറ്റി അംഗവുമാണ് ജയൻ സേനാപതി. ഇദ്ദഹമാണ് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗത്തിൻറെ പ്രസംഗം ഫെയ്സ് ബുക്കു വഴി ലൈവ് ചെയ്തത്. ഇത് നേതാക്കളെ ചൊടിപ്പിച്ചു. തുടർന്ന് നേതാക്കളെത്തി ജയന്റെ കയ്യിൽ നിന്നും മൊബൈൽ ബലമായി പിടിച്ചു വാങ്ങിയ ശേഷം ഇറക്കിവിട്ടു. ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. എന്നാല്‍ ലൈവ് ചെയ്യാൻ കൃത്യമായി അറിയാതെ പരീക്ഷണം നടത്തിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജയൻ പറയുന്നത്.

തെറ്റ് അംഗീകരിക്കുന്നുവെങ്കിലും മൊബൈൽ ഫോൺ ഒരു ദിവസം മുഴുവൻ പിടിച്ചു വച്ച നടപടിക്കെതിരെ പരാതി നൽകും. സംഭവവുമായി ബന്ധപ്പെട്ട് നടപടി നേരിടാതിരിക്കാൻ വിശദീകരണം നൽകാൻ ജയന് നേതൃത്വം കത്തു നൽകിയിട്ടുണ്ട്. ജില്ലയിലെ പല സമ്മേളനങ്ങളിലും ജോയ്സ് ജോർജ്ജിനെ സംരക്ഷിക്കുന്നതിമെതിരെയും സിപിഐയുടെ നിലപാടുകളെ സംബന്ധിച്ചും വിമർശനമുയരുന്നുണ്ട്. ഇതിനിടയിൽ ഇത്തരത്തിൽ ലൈവ് ചെയ്തതാണ് നേതൃത്വത്തെ ഏറെ പ്രകോപിപ്പിച്ചത്.

click me!