ഭാര്യമാരെ തിരിച്ചുതരൂ; ഈ യുവാക്കള്‍ പാകിസ്ഥാനും, ചൈനയ്ക്കുമെതിരെ സമരത്തില്‍

By Web DeskFirst Published May 21, 2018, 12:17 PM IST
Highlights
  • പാക് അധീന കശ്മീരിലെ ഗില്‍ഗിട്ട-ബാള്‍ട്ടിസ്ഥാനിലെ യുവാക്കള്‍ പാകിസ്താനും ചൈനയ്ക്കുമെതിരേ സമരവുമായി രംഗത്ത്

ഇസ്‌ളാമാബാദ്: പാക് അധീന കശ്മീരിലെ ഗില്‍ഗിട്ട-ബാള്‍ട്ടിസ്ഥാനിലെ യുവാക്കള്‍ പാകിസ്താനും ചൈനയ്ക്കുമെതിരേ സമരവുമായി രംഗത്ത്. ചൈനീസ് വംശജരായ തങ്ങളുടെ ഭാര്യമാരെ ചൈന ബലമായി പിടിച്ചുകൊണ്ടുപോയി എന്ന് പറഞ്ഞാണ് ഇവരുടെ സമരം. പാകിസ്താന്‍-ചൈന അതിര്‍ത്തി മേഖലയിലെ 50 ലധികം വരുന്ന ഗില്‍ഗിട്ട്-ബാള്‍ട്ടിസ്ഥാന്‍ യുവാക്കളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ചൈന തടഞ്ഞു വെച്ചിരിക്കുന്ന തങ്ങളുടെ ചൈനീസ് ഭാര്യമാരെ തിരിച്ചു നല്‍കണമെന്നും ഇക്കാര്യത്തില്‍ ചൈനയും പാകിസ്താനും ഒത്തുകളിക്കുകയാണെന്നുമാണ് യുവാക്കളുടെ ആരോപണം.

ഈ ആവശ്യം ഉന്നയിച്ച് മേഖലയിലെ വ്യാപാരികള്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഭാര്യമാരെ തിരിച്ചു തന്നില്ലെങ്കില്‍ പാകിസ്താന്‍ - ചൈനാ അതിര്‍ത്തി തങ്ങള്‍ അടയ്ക്കുമെന്നും ആവശ്യം അംഗീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പാക്-ചൈനാ അതിര്‍ത്തിയിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ തന്നെ ബഹിഷ്‌ക്കരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. 

1947 മുതല്‍ ഇവിടുത്തെ പ്രദേശവാസികള്‍ പാകിസ്താനെതിരേ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.   തങ്ങളെ പാകിസ്താന്‍ രണ്ടാം തരം പൗരന്മാരായിട്ടാണ് പരിഗണിക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആവലാതി. ഗില്‍ഗിട്ട-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ യുവാക്കളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണെന്ന് ആരോപിച്ച് യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി പ്രതിഷേധ പരമ്പര തന്നെ നേരത്തേ നടത്തിയിരുന്നു. 

രാഷ്ട്രീയം കളിക്കാന്‍ വേണ്ടി പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഭരണകൂടം ഉപയോഗിക്കുകയാണെന്നാണ് ഇക്കാര്യത്തില്‍ യുകെപിഎന്‍പിയുടെ ആരോപണം. പാകിസ്താന്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.

click me!