''അവനില്ലാതെ ഞാനെങ്ങനെ വേദിയിൽ?'' ബാലഭാസ്കറിനെക്കുറിച്ച് മെന്റലിസ്റ്റ് ആദി

Published : Oct 07, 2018, 05:18 PM IST
''അവനില്ലാതെ ഞാനെങ്ങനെ വേദിയിൽ?'' ബാലഭാസ്കറിനെക്കുറിച്ച്  മെന്റലിസ്റ്റ് ആദി

Synopsis

എത്രയോ തവണ ബാലുവിന്റെ വായനയിൽ ലയിച്ചിരുന്ന് സ്റ്റേജിൽ അടുത്തതെന്താണ് ചെയ്യേണ്ടത് എന്നു മറന്നു പോയിട്ടുണ്ട്. ഇതെപ്പറ്റി പറയുമ്പൊഴെല്ലാം “തിരിച്ചും അങ്ങനെ തന്നെയാണ്” എന്നാവും മറുപടി. എന്നെ സമാധാനിപ്പിക്കാനുള്ള തമാശ. ഇനി അങ്ങനെയൊന്നുമുണ്ടാകില്ലെന്നറിയാം. അവനില്ല എന്ന തിരിച്ചറിവോടെ ഒരു വേദി അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന് അറിയില്ല. പഠിക്കണം


ബാലഭാസ്കറിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ആരും ഇതുവരെ മോചിതരായിട്ടില്ല. പ്രത്യകിച്ച് ബാലുവിന്റെ സുഹൃത്തുക്കൾ. ഒന്നിച്ച് ഒരു വേദിയിൽ ഉണ്ടായിരുന്നൊരാൾ ഇല്ലാതെ എങ്ങനെയാണ് വേദിയെ അഭിമുഖീകരിക്കുക എന്നാണ് മെന്റലിസ്റ്റ് ആദി ചോദിക്കുന്നുത്. പ്രിയപ്പെട്ട ബാലുവിനൊപ്പം വേദി പങ്കിടുന്ന വീഡിയോയും തന്റെ ഫേസ്ബുക്ക് പേജിൽ ആദി പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൾ തേജസ്വിനി ബാലയ്ക്കൊപ്പം ബാലുവും ഈ ലോകത്ത് നിന്ന് പോയി എന്ന് ആർക്കും അം​ഗീകരിക്കാൻ സാധിച്ചിട്ടില്ല. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നിഗൂഢതകൾ ബാക്കി നിൽക്കുന്നതെന്തും കണ്ടു പഠിക്കണം എന്ന യാത്രയിൽ, 5 വർഷങ്ങൾക്കു മുന്നേ, ബർമുഡ ദ്വീപിലെ ഒരു വൈകുന്നേരമാണ്, ആരും കണ്ടു ശീലിച്ചിട്ടില്ലാത്ത പുതുമയുള്ള ഒരു പ്രോഗ്രാം ഡിസൈൻ ചെയ്യണം എന്നു ചിന്തിക്കാനുള്ള ആത്മവിശ്വാസമുണ്ടാകുന്നത്.

ചെറുപ്പം മുതലേ ഒരുപാട് ആരാധനയുള്ള ‘ബാലഭാസ്കർ’ കൂടെയുണ്ടാകുമെങ്കിൽ എന്നത് സ്വപ്നം! രണ്ടു പേരുടെയും ആത്മമിത്രമായ രാജമൂർത്തിയോട് സംസാരിച്ചു. “നല്ല ആശയം” എന്നഭിപ്രായം കേട്ടതിനു ശേഷം നേരിട്ടെഴുതി. സംഗീതലോകത്ത് പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പൊഴായിട്ടു കൂടി, മലയാളത്തിൽ ഒട്ടും അറിയാതിരുന്ന എന്റെ മേൽവിലാസത്തെ അദ്ദേഹം അവഗണിച്ചില്ല! “മൂർത്തിച്ചേട്ടൻ പറഞ്ഞിരുന്നു. Excellent concept, നമുക്കിത് ചെയ്യണം” എന്നു മറുപടി. അതിനുശേഷം ഒരുപാട് ആലോചിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വേദിയിൽ കൂട്ടു ചേരുന്ന ആളെപ്പറ്റി ഒന്നുമറിയാതെ ഒരനുകൂല തിരുമാനമെടുക്കില്ലായിരുന്നു.

32 ദിവസമാണ് ദുബായിലെ ‘Ductac’ എന്ന പ്രൗഢിയുള്ള തീയേറ്ററിൽ ‘Mind & Music’ എന്ന പേരിൽ ആദ്യ പരിപാടി തുടങ്ങാനുള്ള ദൂരം. പതിമൂന്നു ദിവസത്തിനു ശേഷം, “ഇനിയൊരിക്കലും വയലിൽ വായിക്കില്ല” എന്ന രീതിയിൽ ബാലഭാസ്കറിന്റെ എഫ്ബി പേജ് കാണിച്ചു തന്ന പേടിപ്പിക്കുന്ന വരികൾ. രാജയോടു വിളിച്ചു സംസാരിച്ചപ്പോൾ “ഇതു നടക്കണം, നമുക്കവനെ തിരിച്ചു കൊണ്ടുവരണം” എന്നു സമാധാനിപ്പിച്ചു. അന്നു പ്രോഗ്രാം ഓർ​ഗനൈസ് ചെയ്ത സുഹൃത്ത് നിസാദ് ആത്മവിശ്വാസത്തോടെ തന്ന പിന്തുണയും...

ജനുവരി 4 ന് പ്രോഗ്രാമിന്റെ തലേ ദിവസം ദുബായിലെ നോവോട്ടൽ ഹോട്ടലിൽ വച്ചാണ് എല്ലാവരും ഒത്തുകൂടുന്നത്. പ്രോഗ്രാമിന്റെ ആശയം വിശദീകരിക്കുമ്പോൾ, ഇതൊക്കെ നടക്കുമോ! എന്ന ഭാവത്തിൽ എല്ലാം കേട്ടിരുന്നു. “കൂടുതൽ നേരത്തേ ആയിപ്പോയോ! നാളെ ഷോ കഴിഞ്ഞിട്ട് പറഞ്ഞു തന്നാൽ മതിയായിരുന്നല്ലോ” എന്നു ഹാസ്യം കൊണ്ടുള്ള തല്ല്.

‘What I am capable of’ എന്ന് എന്റെ അഹം കാണിച്ചു കൊടുത്ത ചില effects’ കുട്ടികൾ കണ്ടിരിക്കുന്ന ആശ്ചര്യത്തിലാണ് അയാൾ സ്വീകരിച്ചത്. ഇതൊക്കെ എത്രയോ കണ്ടതാണ് എന്ന ഭാവത്തിൽ രാജയും രാജേഷേട്ടനും ഷെറിനും തൊട്ടടുത്തുണ്ടായിരുന്നു. എന്റെ ഭ്രാന്തുള്ള ചിന്തകൾക്ക്, ഇത്രയും വലിയൊരു ആർട്ടിസ്റ്റിനെ എത്രത്തോളം സ്റ്റേജിൽ ഉപയോഗിക്കാൻ പറ്റും എന്നു പേടിച്ചിരുന്ന ഞങ്ങൾക്ക്, ആവേശത്തോടെ “എന്നെക്കൊണ്ട് കൂടുതലെന്തെങ്കിലും ചെയ്യിക്കൂ” എന്ന് അദ്ദേഹം തന്നെ ഇടയ്ക്കിടെ പറയാൻ തുടങ്ങി. നിങ്ങളുടെയെല്ലാം ‘ബാലഭാസ്കർ’ എനിക്ക് ‘ബാലു’ ആകുന്നത് അന്നു മുതലാണ്. അന്നുതൊട്ടിന്നുവരെ പരസ്പരം സംസാരിക്കാതെ ഒരു തീരുമാനവും എടുത്തിട്ടില്ല: കലയിലായാലും ജീവിതത്തിലായാലും.

അന്നുവരെ 100 പേരിൽ ഒരുങ്ങുന്ന ഒരു വേദിയിൽ പെർഫോം ചെയ്തിരുന്ന എനിക്ക് തീയേറ്റർ എന്താണെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. സ്റ്റേജിൽ വരുത്തുന്ന ഓരോ കുഞ്ഞു തെറ്റുകളും കൂടെയുള്ള രണ്ടുപേരുടെയും പ്രെസ്റ്റീജ് മാത്രമാണ് എന്നെ ഓർമ്മപ്പെടുത്തിയത്; പേടിപ്പിച്ചത്. ഡ്രാമാ എനിക്കു ചേരില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ സ്ക്രിപ്റ്റ് ഇല്ലാത്ത ഒരു രീതിയിലേക്ക് പ്രോഗ്രാം രൂപപ്പെടുകയായിരുന്നു. “നമ്മുടെ സൗഹൃദവും തല്ലു കൂടലുമെല്ലാം വേദിയിലുമുണ്ടായാൽ മതി, ഓരോ തവണ ഷോ കാണാൻ വരുന്ന ആൾക്കാർക്കും അവർക്കു വേണ്ടി മാത്രമുള്ളൊരു പ്രോഗ്രാം”... അതിനുശേഷം മാസങ്ങളെടുത്ത് മൂന്നു പേരും ചേർന്ന് ഹൃദയം കൊണ്ടുണ്ടാക്കിയതാണ് ഇന്നത്തെ എം ഷോ

എത്രയോ തവണ ബാലുവിന്റെ വായനയിൽ ലയിച്ചിരുന്ന് സ്റ്റേജിൽ അടുത്തതെന്താണ് ചെയ്യേണ്ടത് എന്നു മറന്നു പോയിട്ടുണ്ട്. ഇതെപ്പറ്റി പറയുമ്പൊഴെല്ലാം “തിരിച്ചും അങ്ങനെ തന്നെയാണ്” എന്നാവും മറുപടി. എന്നെ സമാധാനിപ്പിക്കാനുള്ള തമാശ. ഇനി അങ്ങനെയൊന്നുമുണ്ടാകില്ലെന്നറിയാം. അവനില്ല എന്ന തിരിച്ചറിവോടെ ഒരു വേദി അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന് അറിയില്ല. പഠിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം