
മോസ്കോ: അർജന്‍റീനൻ ആരാധകർക്കൊരു സന്തോഷ വാർത്ത. ലോകകപ്പ് വിജയമെന്ന സ്വപ്ന സഫലമാകാതെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്ന് ലിയോണൽ മെസ്സി പറഞ്ഞു. ലോകകപ്പിൽ അർജന്‍റീനൻ ടീമിന്‍റ പ്രകടനത്തെ ആശ്രയിച്ചായിരിക്കും രാജ്യാന്തര ഫുട്ബോളിൽ തുടരുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പറഞ്ഞാണ് ലിയോണൽ മെസ്സി റഷ്യയിലെത്തിയത്.
ടീം ആദ്യ കളിയിൽ സമനിലയും ക്രോയേഷ്യയോട് വൻ തോൽവിയും ഏറ്റുവാങ്ങിയതോടെ മെസ്സിയുടെ വിരമക്കലിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഇതിന് പിന്നാലെയാണ് മെസ്സി തീരുമാനം വ്യക്തമാക്കിയത്. ലോകകപ്പ് വിജയമാണ് ഓരോ അർജന്‍റീനക്കാരുടെയും സ്വപ്നം. എന്‍റെ ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ഇത് കൈവിടാൻ ഞാനൊരുക്കമല്ല. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ആലോചിക്കുന്നുള്ളൂ എന്നും മുപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മെസ്സി പറഞ്ഞു.
ഇതേസമയം, ടീമിൽ ഭിന്നതയില്ലെന്ന വിശദീകരണവുമായി സീനിയർ താരം ഹവിയർ മഷറാനോയും രംഗത്തെത്തി. ക്രോയേഷ്യക്കെതിരായ തോൽവിയോടെ കോച്ച് സാംപോളിയും കളിക്കാരും രണ്ട് തട്ടിലായെന്നും , കോച്ചിനെ പുറത്താക്കണമെന്ന് കളിക്കാർ ആവശ്യപ്പെട്ടുവെന്നുമുള്ള വാർത്ത പ്രചരിച്ചിരുന്നു. ടീം ഒറ്റക്കെട്ടാണ്. കാര്യങ്ങൾ ശുഭകരമല്ലെന്ന് ഞങ്ങൾക്കറിയാം.
നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മഷറാനോ പറഞ്ഞു. നാളെ നൈജീരിയക്കെതിരെയാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam