മെസിയോ റൊണാള്‍ഡോയോ കേമന്‍; നെയ്മര്‍ പറയുന്നു

Web Desk |  
Published : Jun 04, 2018, 01:04 PM ISTUpdated : Jun 29, 2018, 04:05 PM IST
മെസിയോ റൊണാള്‍ഡോയോ കേമന്‍; നെയ്മര്‍ പറയുന്നു

Synopsis

ഫുട്ബോളര്‍ എന്ന നിലയിലും മനുഷ്യനെന്ന നിലിലും മെസിയെ എനിക്കേറെ ഇഷ്ടമാണ്. മെസിക്കൊപ്പം ഒരേ ടീമില്‍ കളിക്കുക എന്നത് ശരിക്കും സ്വപ്ന സാക്ഷാത്കാരമായിരുന്നു

നാലു വര്‍ഷം മുമ്പ് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ജര്‍മനിയില്‍ നിന്നേറ്റ നാണക്കേട് ബ്രസീല്‍ ആരാധകരുടെ മനസിലൊരു നീറ്റലായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത് പൂര്‍ണമായും മായ്ച്ചു കളയണമെങ്കില്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് മതിയാവില്ല. ബ്രസീല്‍ ജനതയും ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകരും അതിനായ് ഉറ്റുനോക്കുന്നത് ആ രണ്ടു കാലുകളെയാണ്. നെയ്മര്‍ ജൂനിയറുടെ സുവര്‍ണ പാദുകങ്ങളെ. ലോകകപ്പിന് മുമ്പ് നെയ്മറിന് പരിക്കേറ്റുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ചങ്കിടിച്ചതും ആരാധകര്‍ക്കായിരുന്നു. എന്നാല്‍ ആരാധകരുടെ ആശങ്കകളവസാനിപ്പിച്ച് നെയ്മര്‍  കളത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.കോസ്റ്റോറിക്കക്കെതിരെ ഗ്രൗണ്ടിലറങ്ങി എന്നു മാത്രമല്ല നെയ്മര്‍ സ്പര്‍ശമുള്ള ഗോളിലൂടെ അവരെ ആനന്ദത്തിലാറാടിക്കുകയും ചെയ്തു. ലോകകപ്പിന് മുമ്പ്  നെയ്മര്‍ ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

ബ്രസീലിന്റെ കീരീട സാധ്യതകള്‍ ?

ഇത്തവണ ഞങ്ങള്‍ക്ക് കീരീടം നേടാനാവുമെന്ന് എനിക്കുറച്ച വിശ്വാസമുണ്ട്. മികച്ച ടീമാണ് ഞങ്ങളുടേത്. ഒരുക്കങ്ങളും ഗംഭീരമായിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യം യോഗ്യത ഉറപ്പാക്കിയവരും ‍ഞങ്ങളാണ്. വിവിധ കളി സാഹചര്യങ്ങളില്‍ പതിനെട്ടോളം മത്സരങ്ങള്‍ കളിച്ചു തെളിയിച്ചാണ് ഞങ്ങള്‍ ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരങ്ങളിലെ മികവ് റഷ്യയിലും ഞങ്ങള്‍ തുടരും.

2014ലെ തോല്‍വി വേട്ടയാടുന്നുണ്ടോ ?

തീര്‍ച്ചയായും ആ തോല്‍വി ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ളത് തന്നെയാണ്. ആ മത്സരത്തിന് മുമ്പ് എനിക്കുണ്ടായ പരിക്ക് എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാവുന്ന തരത്തിലുള്ളതായിരുന്നു. രണ്ട് സെന്റിമീറ്റര്‍ വ്യത്യാസത്തിലായിരുന്നു പരിക്കേറ്റിരുന്നതെങ്കില്‍ പിന്നീട് എന്റെ ജീവിതം വീല്‍ച്ചെയറില്‍ ഒതുങ്ങുമായിരുന്നു. അങ്ങനെയൊന്നും സംഭിവിക്കാതിരുന്നതിന് ദൈവത്തിന് നന്ദി. കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിനും എനിക്കേറ്റവും പ്രിയപ്പെട്ടകാര്യം തുടരാന്‍ കഴിഞ്ഞതിനും. ഇത്തവണ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്.

സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്റോറിക്ക, സെര്‍ബിയ, എതിരാളികളെക്കുറിച്ച്

ഇത് ലോകകപ്പാണ്. ലോകത്തിലെ ഏറ്റവും മികച്ച 32 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ്. അതുകൊണ്ടുതന്നെ ഒരു മത്സരവും എളുപ്പമാകില്ല. വലിയ ഫുട്ബോള്‍ പാരമ്പര്യമുള്ള രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. സെര്‍ബിയയാകട്ടെ വരവറിയിച്ചവരും. അമേരിക്കയെ വീഴ്ത്തിയാണ് കോസ്റ്റോറിക്ക ലോകകപ്പിനെത്തിയത് എന്നറിയുമ്പോഴെ അവരുടെ കരുത്ത് മനസിലാവും. വിഷകരമായ ഗ്രൂപ്പ് തന്നെയാണ് ഞങ്ങളുടേത്. മികച്ച കളി പുറത്തെടുത്താല്‍ മാത്രമെ നോക്കൗട്ട് ഉറപ്പിക്കാനാവു.

മെസിക്കൊപ്പവും റൊണാള്‍ഡോക്കെതിരെയും കളിച്ചിട്ടുണ്ട്. അവരുടെ ടീമുകളടെ സാധ്യത എങ്ങനെ ?

രണ്ടുപേരും മികച്ച കളിക്കാരാണ്. അവരുടെ തലമുറയിലെ ഏറ്റവും മികച്ചവര്‍. മെസിക്കൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഫുട്ബോളര്‍ എന്ന നിലയിലും മനുഷ്യനെന്ന നിലിലും മെസിയെ എനിക്കേറെ ഇഷ്ടമാണ്. മെസിക്കൊപ്പം ഒരേ ടീമില്‍ കളിക്കുക എന്നത് ശരിക്കും സ്വപ്ന സാക്ഷാത്കാരമായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം മെസി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍. പക്ഷെ റൊണാള്‍ഡോയെ നമുക്ക് മാറ്റിനിര്‍ത്താനാവില്ല.

അദ്ദേഹത്തിന്റെ പ്രകടനം തന്നെ അതിന് തെളിവാണ്. അതെന്തായാലും അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും ഈ ലോകകപ്പില്‍ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമായിരിക്കും. പക്ഷെ ഈ രണ്ട് മാന്ത്രികര്‍ ടീമിലുണ്ടെങ്കില്‍ അവര്‍ക്ക് എന്തും സാധ്യമാണ്.

ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്ക് ?

തീര്‍ച്ചയായും അത് ബ്രസീല്‍ തന്നെ. ഞങ്ങള്‍ക്കൊപ്പം സാധ്യതയുള്ള വേറെയും കുറച്ചുപേര്‍ കൂടിയുണ്ട്. അര്‍ജന്റീന, യുറുഗ്വേ, ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കെല്ലാം സാധ്യതയുള്ള ലോകകപ്പ് തന്നെയാണിത്. ഒരു രാജ്യത്തെ മാത്രമായി തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി