പ്ലാസ്റ്റിക് സര്‍ജറി ടേബിളില്‍ അധോലോക തലവനെ വെടിവച്ച് കൊന്നു

By Web DeskFirst Published Nov 4, 2017, 5:32 PM IST
Highlights

മെക്സിക്കോ സിറ്റി: പെട്രോള്‍ ഡോണ്‍ എന്നറിയപ്പെടുന്ന മെക്സിക്കന്‍ അധോലോക തലവന്‍ 'എല്‍ കളിംബ'  ജീസസ് മാര്‍ട്ടിനെ വെടിവച്ചുകൊന്നു. രണ്ടു സഹായികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ധന മോഷണ രംഗത്തെ കിടമത്സരത്തിന്റെ ഭാഗമായി എതിര്‍ ഗ്യാംഗില്‍ പെട്ടവരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. 

മയക്കുമരുന്ന് വ്യാപാരം കഴിഞ്ഞാല്‍ മെക്സിക്കോയില്‍ ഏറ്റവും വലിയ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയാണ് ഇന്ധന വിപണനം. പൈപ്പ് ലൈനുകളില്‍ നിന്ന് മോഷ്ടിക്കുന്ന ഇന്ധനം എത്തുന്ന ബ്ലാക് മാര്‍ക്കറ്റില്‍ ശത കോടികളാണ് ഒരോ ദിവസവും മറിയുന്നത്. അത് അനുസരിച്ച് കിടമത്സരങ്ങളും പതിവാണ്. ഇന്ധന മാഫിയയുടെ രക്തരൂക്ഷിത പോരാട്ടം നടക്കുന്ന പ്യൂബേലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 

Latest Videos

അനധികൃത പൈപ്പുകള്‍ വഴി ഗ്യാസോലിനും ഡീസലും കവര്‍ന്നിരുന്ന സംഘത്തിന്‍റെ തലവനായിരുന്നു മാര്‍ട്ടിന്റെ സംഘവും എതിര്‍ഗ്യാംഗുകളും തമ്മിലുള്ള പോരാട്ടം ഒരാഴ്ചയായി ഇവിടെ രൂക്ഷമായ നിലയിലായിരുന്നു. ഇത്തരം കുറ്റകൃത്യത്തില്‍ മെക്‌സിക്കന്‍ പോലീസിന്‍റെ നോട്ടപ്പുള്ളിയായതോടെ അവരില്‍ നിന്നും രക്ഷപ്പെടാന്‍ മുഖവും വിരലടയാളവും മാറ്റാനുള്ള പ്‌ളാസ്റ്റിക് സര്‍ജറികള്‍ക്ക് ഒരുങ്ങുകയായിരുന്നു എല്‍ കളിംബ. 

മാര്‍ട്ടിന്‍റെ ഗ്യാംഗും എതിരാളികളും തമ്മില്‍ നടക്കുന്ന    പോരാട്ടത്തില്‍ പ്യൂബേലയില്‍ ഒരാഴ്ചയ്ക്കിടയില്‍ 16 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ഇന്ധന കള്ളന്മാരുടെ കേന്ദ്രമായി മാറിയിട്ടുള്ള പാല്‍മര്‍ ഡീ ബ്രാവേയിലെ ഉള്‍നാടന്‍ റോഡില്‍ നാലുപേര്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും അടുത്ത സംഭവം. അഞ്ചു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവിടുത്തെ ളാറ്റേനാംഗോ എന്ന ഗ്രാമത്തില്‍ നിന്നും അധികൃതര്‍ ഇന്ധനം ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ട്യുബുകള്‍ വാല്‍വുകള്‍ പമ്പുകള്‍ എന്നിവയ്ക്ക് പുറമേ സംഘം മോഷ്ടിച്ചു കൊണ്ടുവന്ന മൂന്ന് വാഹനങ്ങളും കണ്ടെത്തിയിരുന്നു. ഇവിടെ നടന്ന പരസ്പരമുള്ള വെടിവെയ്പ്പില്‍ നാട്ടുകാരായ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

ഇത്തരം മോഷണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്ന പ്യൂബേലയില്‍ വ്യാപകമായി ഇന്ധനമോഷണം നടക്കുന്നതിനാല്‍ 2010 മുതല്‍ 2.4 ശതകോടി ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മെക്‌സിക്കന്‍ എണ്ണക്കമ്പനിയായ പെമെക്‌സ് കണക്കാക്കിയത്. മാര്‍ട്ടിന്‍ കൂടി കൊല്ലപ്പെട്ടതോടെ ഇന്ധനക്കള്ളന്മാരുടെ അടിസ്ഥാന മേഖലയായ ളാറ്റെനാംഗോയിലെ പ്രധാനപ്പെട്ട അഞ്ചു പേരാണ് ഇല്ലാതായത്. 

1997 ല്‍ തന്റെ മുഖഛായ തന്നെ മാറ്റാനായി പ്‌ളാസ്റ്റിക് സര്‍ജറിക്ക് വിധേയമായിക്കൊണ്ടിരിക്കെ മയക്കുമരുന്ന് കള്ളക്കടത്തു രാജാവ് അമാഡോ കരീലോ ഫ്യൂവന്റസും വെടിയേറ്റു മരിച്ചിരുന്നു. തന്‍റെ സംഘാംഗങ്ങള്‍ തന്നെയാണ് അമാഡോയെ വകവരുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

 

click me!