മിഷേൽ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

By Web DeskFirst Published Dec 29, 2017, 7:10 AM IST
Highlights

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേൽ ഷാജിയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. ലോക്കൽ പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണത്തിൽ കുടുംബത്തിന്‍റെ സംശയങ്ങൾക്കൊന്നും ഉത്തരം നൽകാനായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം.

കഴിഞ്ഞ മാർച്ച് അഞ്ചിന് കാണാതായ മിഷേൽ ഷാജി വർഗീസിന്‍റെ മൃതദേഹം തൊട്ടടുത്ത ദിവസം വൈകീട്ടാണ് കൊച്ചി കായലിൽ നിന്ന് കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും മിഷേലിന്‍റെത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. സംശയങ്ങൾക്കൊന്നും മറുപടി നൽകാതെ കേസവസാനിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. കലൂർ പള്ളിയിൽ വച്ച് ബൈക്കിൽ മിഷേലിനെ പിന്തുടർന്നെന്ന് സംശയിക്കുന്ന രണ്ട് പേരുടെ വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. നാൽപതടിയോളം താഴ്ചയിലേക്ക് പാലത്തിൽ നിന്ന് ചാടിയെന്നും മണിക്കൂറുകൾ വെള്ളത്തിൽ കിടന്നെന്നും പറയുന്പോഴും  മിഷേലിന്‍റെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളില്ലായിരുന്നു എന്നതും ദുരൂഹതയുണ്ടാക്കുന്നുവെന്ന് കുടുംബം പറയുന്നു. മിഷേലിന്‍റെ മൊബൈൽ ഫോണും മോതിരവും വാച്ചും ബാഗും കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.

എന്നാൽ കുടുംബത്തിന്‍റെ സംശയങ്ങൾ അസ്ഥാനത്താണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്‍റെ കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജനുവരിയിൽ ഉത്തരവുണ്ടായേക്കും.

click me!