
കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ചും. സുഹൃത്ത് ക്രോണിന്‍ ഏല്‍പിച്ച മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തല്‍. ഇതിനിടെ ക്രോണിന്റെ ഛത്തിസ്ഗഡിലെ ഓഫീസില്‍ അന്വേഷണസംഘം പരിശോധന നടത്തി. മിഷേലിന്റെ മരണം കൊലപാതകമെന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും ക്രൈംബ്രാഞ്ചിന് ഇതേവരെ ലഭിച്ചിട്ടില്ല.
യുവതിയുടെ അടുത്ത ബന്ധുക്കളും പിറവത്തെ ജനപ്രതിനിധികളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവദിവസം ക്രോണിന്റെ സാന്നിധ്യം കൊച്ചിയില്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കലൂരിലെ പളളിയില്‍ നിന്ന് ഇറങ്ങിയ മിഷേലിനെ രണ്ടുപേര്‍ ബൈക്കില്‍ പിന്തുടര്‍ന്നതായി സംശയിച്ചിരുന്നു എന്നാല്‍ ഇവരാരെന്ന് കണ്ടെത്താനായില്ല. യുവാക്കള്‍ ബൈക്കില്‍ എത്തിയതിന് മിഷേലുമായി ബന്ധമില്ലെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മറ്റാരും ഒപ്പമുണ്ടായിരുന്നതായോ സംശയാസ്‌പദമായ നിലയില്‍ ആരെങ്കിലും പിന്തുടര്‍ന്നിരുന്നതായോ തെളിവില്ല.
വൈകിട്ട് ഹോസ്റ്റലില്‍ എത്തേണ്ടിയിരുന്ന മിഷേല്‍ ആലോചിച്ചുറപ്പിച്ച് തന്നെയാണ് നഗരത്തിലൂടെ നടന്ന് ഗോശ്രീ പാലത്തിലേക്ക് പോയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സംഭവദിവസവും അതിന് തൊട്ടുമുമ്പുളള ദിവസങ്ങളിലും സുഹൃത്തായ ക്രോണിനില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാനാകെതെയാണ് ആത്മഹത്യ ചെയ്തത് എന്നും ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട ക്രോണിനെതിരായ തെളിവുകള്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഛത്തിസ്ഗഡിലെ ഇയാളുടെ ഓഫീസില്‍ പരിശോധന നടത്തിയത്. സംഭവദിവസം ഇവിടുത്തെ ഫോണില്‍ നിന്നും മറ്റും യുവാവ് മിഷേലിനെ വിളിച്ചതായി ബോധ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam