മൈക്രോഫിനാന്‍സ് വിഷയം: സര്‍ക്കാരിനെതിരെ പ്രതിഷേധമില്ലെന്ന് വെള്ളാപ്പള്ളി

By Web DeskFirst Published Jul 9, 2016, 1:23 PM IST
Highlights

ആലപ്പുഴ: മൈക്രോഫിനാന്‍സ് വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് എസ്എന്‍ഡിപി. വിജിലന്‍സ് കേസ് എടുക്കില്ലെന്നും വിഎസ്സിനുള്ള തെറ്റിദ്ധാരണ പിണറായി വിജയന് ഇല്ലെന്നും എസ്എന്‍ഡിപി  യോഗം നേതൃയോഗത്തിന് ശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദൻ പരാതി  പിൻവലിക്കാൻ സൻമനസ് കാണിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.

മൈക്രോഫിനാന്‍സ് വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം വിജിലന്‍സ് നടത്തുന്നതിനിടെ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് നേതൃയോഗം ചേര്‍ന്നത്. 

മൈക്രോഫിനാന്‍സ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കേണ്ടെന്നാണ് യോഗം തീരുമാനമെടുത്തത്. പകരം മൈക്രോഫിനാന്‍സിനെക്കുറിച്ച് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി ബോധ്യപ്പെടുത്തും. വിഎസ്സിന്‍റെ തെറ്റിദ്ധാരണ പിണറായി വിജയന് ഇല്ലെന്നും വിജിലന്‍സ് തങ്ങള്‍ക്കെതിരെ കേസ് എടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കേണ്ട ആവശ്യമില്ല. നിശ്ചയിച്ചിട്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസെടുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് എസ്എന്‍ഡിപിക്ക് സംഘടനാപരമായി ദോഷം ചെയ്യുമെന്നും നേതൃത്വം കരുതുന്നു. പ്രതിഷേധം കൈവിട്ടുപോയാല്‍ സ്ഥിതിഗതികള്‍ താറുമാറാകുമെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയെന്ന തീരുമാനത്തിലേക്ക് എസ്എന്‍ഡിപി എത്തുന്നത്. 

മാത്രമല്ല പിണറായിയെയും സര്‍ക്കാരിനെയും പ്രകോപിപ്പിക്കുന്നത് എസ്എന്‍ഡിപി യോഗത്തിന്‍റെ മുന്നോട്ടുള്ള പോക്കിനെ തന്നെ ബാധിക്കുമെന്ന ചിന്തയും നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്.

click me!