
കാസര്‍ഗോഡ്: കാസർഗോഡ് കുടുംബവഴക്കിനെ തുടർന്ന് മധ്യവയസ്കനെ തല്ലിക്കൊന്ന് രഹസ്യമായി സംസ്കരിച്ചു. പെർളയിലെ സുന്ദര നായിക്കിനെയാണ് മകനും സഹോദരനുമടക്കം ബന്ധുക്കൾ കൊലചെയ്തത്. ജനുവരി 30ന് രാത്രിയിലാണ് അർളിക്കട്ടയിലെ സുന്ദര നായിക്ക് വീട്ടുമുറ്റത്ത് കൊലചെയ്യപ്പെടുന്നത്.
അമ്പത്തിരണ്ടുകാരനായ സുന്ദര മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച്ച പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ സുന്ദര ഭാര്യയെ മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു. ബഹളം കേട്ട് തൊട്ടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരനും മകനും ഓടിയത്തി തടയാൻ ശ്രമിച്ചു.
ഇവരോടും സുന്ദര തട്ടിക്കയറി അതിനിടെ പെട്രോൾ പമ്പ് ജീവനക്കാരനായ മകനും വീട്ടിലെത്തി. ബഹളത്തിനിടെ സമീപത്തുണ്ടയിരുന്ന കവുങ്ങിന്‍ തടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ചോര വാർന്ന് പിടഞ്ഞ സുന്ദരയെ ഉടൻ തന്നെ ബന്ധുവിന്റെ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് നില ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റും വഴി മരിക്കുകയായിരുന്നു. ഇതോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പോലും തയ്യാറാകാതെ മൂന്നു പേരും ചേർന്ന് വീട്ടിൽ എത്തിച്ച് ദഹിപ്പിച്ചു. മൃതദേഹം പൊടുന്നനെ ദഹിപ്പിച്ചതിൽ നാട്ടുകാർ ഉയർത്തിയ സംശയത്തെ തുടർന്ന് മറ്റൊരു സഹോദരൻ നൽകിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാകമാണെന്ന് കണ്ടെത്തിയത്.
പിന്നാലെ സുന്ദരയുടെ മകൻ പ്രഭാകര, സഹോദരൻ ഈശ്വര നായിക്, ഈശ്വരയുടെ മകൻ ജയന്തൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ചോദ്യംചെയ്യലിൽ മൂവരും കൊലപാതക കുറ്റം സമ്മതിച്ചു. വീട്ടിൽ നിന്ന് കൊല്ലാൻ ഉപയോഗിച്ച ചോരപുരണ്ട കവുങ്ങിന്‍ തടിയും മൃതദേഹം കടത്തിയ മാരുതി ഒമ്നി വാനും കസ്റ്റഡിയിലടുത്തു.
ഇതിനിടെ കൊല്ലപ്പെട്ട സുന്ദരയുടെ ഭാര്യയെ കാണാതായി. കൊലപാതകം മറച്ചുവെച്ചതിനും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനും പൊലീസ് കേസെടുത്തേക്കുമെന്ന സംശയത്തിൽ ഒളിവിൽ പോയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam