ജിഷ വധക്കേസ്; ജനരോഷം ഭയന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസം മാറ്റുന്നു

By Web DeskFirst Published Jun 20, 2016, 4:37 AM IST
Highlights

ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാം താമസിച്ചിരുന്ന പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ ലോഡ്ജിലെ രണ്ട് നിലകളിലായി ഇരുപതിലേറെ ഇതര സംസ്ഥാനതൊഴിലാളികള്‍ നേരത്തെ താമസിച്ചിരുന്നു. എന്നാല്‍ ഇവിടെയിപ്പോള്‍ ഏതാനം പേര്‍ മാത്രമേ താമസമുള്ളൂളൂ. അമീറുല്‍ ഇസ്ലാം പിടിയിലായതോടെ കൂടെ താമസിച്ചിരുന്ന ആസാം സ്വദേശികളെല്ലാം ലോഡ്‍ജ് വിട്ടു. ഉത്തര്‍പ്രദേശുകരായ ചില തൊഴിലാളികള്‍ മാത്രമാണ്  ഇപ്പോള്‍ ഇവിടെ താമസം. അമിറുളില്‍ ഇസ്ലാമിനെ പരിചയമില്ലെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ പണിക്കിറങ്ങിയാല്‍ രാത്രിയാണ് തങ്ങള്‍ തിരികെ വരുന്നതെന്നും അതിനിടയില്‍ ആരൊക്കയാണ് ഇവിടെ വന്നു പോകുന്നതെന്ന് അറിയില്ലെന്നും ഇവിടെ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി യാസീന്‍ പറയുന്നു. ‍,

താഴെത്തെ മുറികളില്‍ നിരവധി ആസാം സ്വദേശികള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ ഒരാളൊഴികെ മറ്റുള്ളവരെയൊന്നും കാണുന്നില്ലെന്നും മറ്റ് താമസക്കാരും പറയുന്നു. മറ്റുളളവര്‍ എവിടെപ്പോയെന്ന് അറിയില്ല. അമിറുള്‍ ഇസ്ലാമിനെപ്പറ്റിയും ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം അമീറുല്‍ ഇസ്ലാമിന്റെ മുഖം കണ്ടാലേ ഇവിടെ താമസിച്ചിരുന്നയാളാണോയെന്ന് പറയാനാവെന്നാണ് സമീപവാസികള്‍ പറയുന്നത്. ജനരോഷം ഭയന്ന് നിരവധി ആസാം സ്വദേശികള്‍ താമസം മാറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസും അറിയിച്ചു.

click me!