മുഖ്യാതിഥി വിവാദം: മോഹൻലാലിനെ തുണച്ച് മന്ത്രി ബാലൻ

By Web TeamFirst Published Aug 1, 2018, 7:55 PM IST
Highlights

സംസ്ഥാന ചലച്ചിത്ര അവാർ‍ഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കിയതിനെ എതിർക്കുന്നതെന്ന് വ്യക്തി വിരോധമുള്ളവരാണെന്ന് സാംസ്ക്കാരിക മന്ത്രി എകെ ബാലൻ 

തിരുവനന്തപുരം: ഈ മാസം എട്ടിന് അവാർഡ് വിതരണ ചടങ്ങ് നടക്കാനിരിക്കെ മുഖാതിഥി വിവാദം തീരുന്നില്ല. സംസ്ഥാന ചലച്ചിത്ര അവാർ‍ഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കിയതിനെ എതിർക്കുന്നതെന്ന് വ്യക്തി വിരോധമുള്ളവരാണെന്ന് സാംസ്ക്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞു.  ഏഷ്യാനെറ്റ് ന്യൂസിനറെ പോയിൻറ് ബ്ലാങ്കിൽ മന്ത്രി എകെ ബാലൻ മോഹൻലാലിനെതിരായ എതിർപ്പുകൾ വീണ്ടും തള്ളിയത്.

അതേസമയം, അവാർഡ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ച് ജൂറി അംഗം ഡോക്ടർ ബിജു ചലച്ചിത്ര അക്കാദമിക്ക് കത്ത് നൽകി. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സിഎസ് വെങ്കിടേശ്വരൻ രാജിവെച്ചതിന് പിന്നാലെ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് ജൂറി അംഗം ഡോക്ടർ ബിജു ഔദ്യോഗികമായി അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന താരസംഘടന അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിനെ മുഖ്യാതിഥി ആക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ബിജുവിറെ കുറ്റപ്പെടുത്തൽ. സൂപ്പർ താരങ്ങളെ വിളിച്ച് അവാർഡ് നിശപോലെ ആഘോഷിക്കേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാർഡെന്നും ഡോക്ടർ ബിജു അടക്കമുള്ളവരുടെ വിമർശകരുടെ നിലപാട്. 

ദിലീപിനെ തിരിച്ചെടുത്ത് വെട്ടിലായ അമ്മ മുഖ്യാതിഥി വിവാദത്തിൽ സംഘടനയുടെ പ്രസിഡന്‍റിനെ സർക്കാർ പിന്തുണയ്ക്കുന്നതിൽ ആശ്വസിക്കുന്നു. സർക്കാർ നിലപാടിൽ അതൃപ്തിയുണ്ടെങ്കിലും മുഖാതിഥി തർക്കത്തിൽ ഡബ്ള്യുസിസി സംഘടന എന്ന നിലയിൽ പ്രതികരിച്ചിട്ടില്ല. മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങൾ കൂടിയായ ഡബ്ള്യുസിസി പ്രതിനിധികൾ ബീനാപോളും ദീദി ദാമോദരനും സജിത മഠത്തിലും ഒപ്പിട്ടിരുന്നു.ഇവരുടെ തുടർനിലപാടും പ്രധാനമാണ്.

click me!