നാടിന്റെ കുടിവെള്ളം മുട്ടിക്കുന്ന കമ്പനി ഉദ്ഘാടനത്തിന് മന്ത്രി

Web Desk |  
Published : May 18, 2018, 03:20 PM ISTUpdated : Jun 29, 2018, 04:21 PM IST
നാടിന്റെ കുടിവെള്ളം മുട്ടിക്കുന്ന കമ്പനി ഉദ്ഘാടനത്തിന് മന്ത്രി

Synopsis

വ്യവസായ മന്ത്രിക്കെതിരെ കുരഞ്ഞിയൂര്‍ സമരസമിതി

തൃശൂര്‍: ഗുരുവായൂരിനടുത്ത് പുന്നയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പി.ജെ.അഗ്രോ ഫുഡ്സ് നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ജനകീയ സമരസമിതി പ്രക്ഷോഭത്തില്‍. നാളെ നടക്കുന്ന കമ്പനിയുടെ ഉദ്ഘാടനത്തിന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ എത്തുന്നതിനെതിരെ പ്രതിഷേധവും ശക്തമായി.

പഞ്ചായത്ത് ലൈസന്‍സ് നിഷേധിക്കുകയും നിരവധി തവണ സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ഒന്നരമാസത്തോളം പൂട്ടിയിടുകയും സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്ന് കമ്പനിക്കെതിരെ ഐക്യകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കമ്പനി ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് സമരസമിതിയുടെ ആരോപണം. നിയമവിരുദ്ധമായി കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതില്‍ സര്‍ക്കാരിന് താല്പര്യമില്ലെന്നാണ് ഇതേ കുറിച്ച് മന്ത്രി പറഞ്ഞതെന്നും സമരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

കാനോലി കനാലിനേയും കുട്ടാട്ടന്‍ പാടശേഖരത്തേയും നശിപ്പിക്കുന്ന കമ്പനി മേഖലയിലെ എസ്.സി കോളനിയെയും പ്രദേശത്തെയാകെയും മലിനീകരിക്കും വിധമാണ് ഇവിടത്തെ സജീകരണങ്ങള്‍. പ്ലാച്ചിമടയിലേത് പോലെ വെള്ളവും വായുവും മലിനമാകുമെന്ന നിരീക്ഷണമാണ് സമരക്കാരുടേത്. കനോലി കനാലിന്റെ സമീപത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന ജനങ്ങള്‍ക്ക് ശുദ്ധജലത്തിനായി 14 മീറ്റര്‍ ആഴമുള്ള കിണറുണ്ട്. ഇതിനോട് ചേര്‍ന്നാണ് കമ്പനിയുടെ ജലമൂറ്റല്‍. 

33,000 ലിറ്റര്‍ വെള്ളമാണ് ദിനംപ്രതി ഇവര്‍ ഊറ്റിയെടുക്കുന്നത്. ഇതോടെ കിട്ടിയിരുന്ന ശുദ്ധജലവും ഇല്ലാതായി ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി. ദിനംപ്രതി ഇത്രയും വെള്ളം ഊറ്റുന്നത് മൂലം കാനോലി കനാലിലെ ഉപ്പ് കലര്‍ന്ന ഓരു വെള്ളം ഈ പ്രദേശങ്ങളിലെ കിണറുകളിലേക്ക് കയറുകയാണ്. ഒപ്പം പ്രദേശത്തെ നെല്ലറയായ കുട്ടാടന്‍ പാടവും നാശത്തിന്റെ വക്കിലായി തുടങ്ങി.
മലിനീകരണം മൂലം പ്രദേശവാസികള്‍ പലരും വിവിധ രോഗങ്ങള്‍ക്ക് (ത്വക്ക് രോഗങ്ങള്‍, ചുമ, ഛര്‍ദി, ശ്വാസംമുട്ട്, തലകറക്കം) ചികിത്സയിലാണ്. നിരന്തരം ആശുപത്രികള്‍ കയറിയിറങ്ങുകയാണിപ്പോള്‍ ഇവിടത്തുകാര്‍. സഹായഹസ്തമായി മുന്നോട്ട് വരേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പലരും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുന്ന അനുഭവങ്ങളാണ് ഞങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതെന്ന് സമരസമിതിക്കാര്‍ പറയുന്നു. 

ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടേണ്ട വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അവര്‍ക്ക് മൗനസമ്മതം നല്‍കുന്നുണ്ട്. നാടിന്റെ കുടിവെള്ളം മുട്ടിക്കുന്ന, അനേകം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കുരഞ്ഞിയൂര്‍ എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന ഇങ്ങനെയുള്ള വന്‍കിട വ്യവസായങ്ങള്‍ ജനങ്ങള്‍ പാര്‍ക്കുന്നിടത്തു നിന്നും വ്യവസായ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അവിടുത്തെ പ്രദേശവാസികളായ ഞങ്ങള്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.  

ഗ്രാമസഭ തീരുമാനത്തിന് വിലക്കെടുക്കാതെ കമ്പനി പ്രവര്‍ത്തനത്തിനൊത്താശ നല്‍കുന്ന ജനപ്രതിനിധികള്‍ ജനാധിപത്യവിരുദ്ധരാണ്. ഇവരെ തടയുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാക്കളായ ബെന്നി കോടിയാട്ടില്‍, അനീഷ് പുന്നയൂരും വ്യക്തമാക്കി. ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കാനുള്ള പ്രതിഷേധവുമായി മുന്നോട്ട് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം. 

പല ജനപ്രതിനിധികളുടെ പേരുകളും അവരുടെ സമ്മതം കൂടാതെയാണ് ഉദ്ഘാടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന ആക്ഷേപമുണ്ട്. ഇത് ഫാക്ടറിക്ക് എതിരെയുള്ള കേസിനെ മറികടക്കാനുള്ള തന്ത്രമാണെന്നാണ് സമരസമിതി വിലയിരുത്തുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു വ്യവസായങ്ങളും അനുവദിക്കില്ല എന്ന് പറഞ്ഞ വ്യവസായ മന്ത്രി, ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന പാപ്ജോ എന്ന അച്ചാര്‍ ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ നിന്നും പിന്മാറണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അതേസമയം, അനധികൃതമായിട്ടാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് വ്യവസായ മന്ത്രിയുടേത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്