പച്ചക്കറി സംഭരണം; ഉദ്യോഗസ്ഥര്‍ക്ക് ഏകോപനമില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

First Published Jul 21, 2018, 12:38 PM IST
Highlights
  • കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പരമാവധി ശേഖരിക്കണം
  • ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് കൃഷി മന്ത്രി

ഇടുക്കി: കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ് എന്നവയിലെ ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന്  മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇവിടത്തെ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പരമാവധി ശേഖരിക്കുന്നില്ലായെങ്കില്‍ അത് അന്യസംസ്ഥാന കച്ചവടക്കാര്‍ക്കായിരിക്കും സഹായകരമാകുക. കൊട്ടക്കാമ്പൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 ഓരോ ദിവസവും മേഖലയില്‍ നിന്നും സംഭരിക്കാവുന്ന പച്ചക്കറികളുടെ വിവരം ഹോര്‍ട്ടികോര്‍പ്പ് എം.ഡിയേയും കൃഷി ഉല്‍പ്പാദന കമ്മീഷണറെയും മന്ത്രിയുടെ ഓഫീസിലും അറിയിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കൃഷിയെ സംബന്ധിച്ചും വിളവെടുപ്പിനെ സംബന്ധിച്ചും കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ ഉദ്യോഗസ്ഥരുടെ അടുത്ത് ഉണ്ടാകണം. എങ്കിലേ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിയൂ. 

യോഗത്തില്‍ വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ്, ദേവികുളം കൃഷി അസി.ഡയറക്ടര്‍ പി. പഴനി, വട്ടവട കൃഷി ഓഫീസര്‍ കെ. മുരുകന്‍, തുടങ്ങിയവരും പങ്കെടുത്തു. വട്ടവടയിലെ കൃഷിയിടങ്ങളും ബീന്‍സ് കൃഷിക്ക് ശേഷം കാരറ്റ് കൃഷിയിറക്കിയ കൃഷിത്തോട്ടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. 

കര്‍ഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞു. കൃഷിയിടങ്ങളില്‍ ചെറിയ രീതിയില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ സഹകരണം അഭ്യര്‍ത്ഥിച്ച മന്ത്രി ഇതിനാവശ്യമായ പരിശീലനം നല്‍കുന്നതിന് കര്‍മ്മപരിപാടി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൃഷി ആവശ്യത്തിന് ഉരുക്കളെ വാങ്ങുവാന്‍ സഹായം നല്‍കണമെന്ന് കര്‍ഷകര്‍ ആഭ്യര്‍ത്ഥിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.  

click me!