ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ കോടികളുടെ ക്രമക്കേട്; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

By Web TeamFirst Published Jan 9, 2019, 8:32 AM IST
Highlights

ഇടനിലക്കാരന് ലാഭമുണ്ടാക്കാനായി ചൈനയിൽ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും അനധികൃതമായി വിദേശയാത്ര നടത്തുകയും ചെയ്ത മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ധനവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തു

തിരുവനന്തപുരം: ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ കോടികളുടെ ക്രമക്കേട് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. ഇടനിലക്കാരന് ലാഭമുണ്ടാക്കാനായി ചൈനയിൽ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും അനധികൃതമായി വിദേശയാത്ര നടത്തുകയും ചെയ്ത മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ധനവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തു.

ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതിലൂടെ ഒരു കോടിയുടെ നഷ്ടമാണ് സർക്കാരിനുണ്ടായതെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. സെൻട്രിനോ എഞ്ചിനയറിംഗ് കോണ്‍ട്രാക്ടേഴ്സ്, അക്ഷിയാൻ പവർ സൊല്യൂഷൻസ് എന്നീ കമ്പനികകള്‍ മുഖേനയാണ് ചൈനയിൽ നിന്നും സാധനങ്ങള്‍ വാങ്ങിയത്. 10 ലക്ഷം രൂപക്ക് വാങ്ങാമായിരുന്ന എൽ.ഇ.ഡി ലൈറ്റിംഗ് ടെസ്റ്റ് എന്ന ഉപകരണം വാങ്ങിയത് 47 ലക്ഷം നൽകിയാണ്, 42 ലക്ഷത്തിന് വാങ്ങാമായിരുന്ന ഫുള്ളി ഓട്ടോമാറ്റിക് മീറ്റർ ടെസ്റ്റ് ബെച്ച് എന്ന ഉപകരണം വാങ്ങിയത് 1,11,38,521 റൂപക്കാണ്. 

ഇടനിലക്കാർക്ക് ലാഭമുണ്ടാക്കികൊടുക്കാനായി ചീഫ് ഇലട്ക്രിക്കൽ ഇൻസ്പെക്ടർ വി.സി.അനിൽകുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ എസ്.ശ്യാംമുരാരി, എ.വി.ജയരാജൻ എന്നിവരാണ് ഗൂഡാലോചന നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കരാർ ഉറപ്പിക്കാനായി സർക്കാരിന്റെ അനുമതിയില്ലാതെ വ്യാജ രേഖകള്‍ ചമച്ച് രണ്ട് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാ‍ർ ചൈന യാത്ര നടത്തിയെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. കരാറുകാരായിരുന്നു യാത്രക്കുവേണ്ടി സൗകര്യങ്ങള്‍ ചെയതത്. സ്വകാര്യ യാത്രയെന്ന വ്യാജേ നടത്തിയ യാത്രക്ക് പക്ഷെ ഖജനാവിൽ നിന്നുള്ള പണം ചെലവഴിച്ചുവെന്നും ധനവകുപ്പ് പറയുന്നു.

മാത്രമല്ല ഇടനിലക്കാരെ മുഖ്യസംഘാടകരാക്കി അന്തർദേശീയ സെമിനാറും സംഘടിപ്പിച്ചു. 20, 72,306 രൂപയാണ് സെമിനാറിനായി വകമാറ്റി ചെലവാക്കിയത്. വൗച്ചറുകളും ബില്ലുകളും അന്വേഷണ സംഘത്തിന് മുന്നിൽ ഇലട്ക്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഹാജരാക്കി. ഇതിൽ 2.69,000യുടെ അനാവശ്യ ചെലവുണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ട്. സാമ്പത്തിക ക്രമക്കേട് ചുക്കാൻ പിടിച്ച ചീഫ് ഇലക്ര്ടിക്കൽ ഇൻസ്പെക്ടറേയും രണ്ടും ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരെയും സസ്പെൻറ് ചെയ്യുകയും നഷ്ടമായ പണം പലിയ സഹിതം ഇവരിൽ നിന്ന് തിരിച്ചു പിടിക്കണമെന്നും ധനകാര്യ പരിശോധ വിഭാഗം ശുപാർശ ചെയ്തിട്ടുണ്ട്.

click me!