ദളിത് പെൺകുട്ടിയെ കാണാതായ സംഭവം; എസ്ഐയ്ക്കെതിരെ പരാതി

By Web DeskFirst Published Apr 24, 2018, 5:31 PM IST
Highlights
  • പാലാരിവട്ടം പൊലീസിനെതിരെ പരാതി
  • പരാതി നൽകാനെത്തിയ കുടുംബത്തെ ആക്ഷേപിച്ചു
  • പരാതി എസ്ഐ വിപിൻ കുമാറിനെതിരെ

കൊച്ചി: ദളിത് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പരാതി നൽകാനെത്തിയ കുടുംബത്തോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം. എറണാകുളം പാലാരിവട്ടം എസ്ഐയ്ക്കെതിരെയാണ് പരാതിയിരിക്കുന്നത്. എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം സ്റ്റേഷൻ ഉപരോധിച്ചു.

എറണാകുളം വെണ്ണല സ്വദേശിനിയായ 18കാരിയെ കഴിഞ്ഞ ഞായറാഴ്ചയായാണ് കാണാതായത്. അന്ന് തന്നെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയെങ്കിലും രക്ഷിതാക്കൾക്കൊപ്പം വിടാതെ മറ്റൊരു സ്ത്രീക്കൊപ്പം വിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയെയും സഹോദരിയെയും പാലാരിവട്ടം എസ്ഐ വിപിൻ കുമാർ അവഹേളിച്ചെന്നാണ് പരാതി.

മൂന്ന് ദിവസമായിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബം ഇന്ന് വീണ്ടും സ്റ്റേഷനിലെത്തി. എന്നാൽ എസ്ഐ അകാരണമായി തട്ടിക്കയറുകയും കൂടെയുണ്ടായിരുന്ന പൊതു പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകർ സ്റ്റേഷൻ ഉപരോധിച്ചു. പിടി തോമസ്, ഹൈബി ഈഡൻ എംഎൽഎമാർ സ്ഥലത്തെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. എന്നാൽ പെൺകുട്ടിയുടെ താത്പര്യ പ്രകാരമാണ് രക്ഷിതാക്കൾക്കൊപ്പം വിടാതിരുന്നതെന്നും കുടുംബത്തോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.

click me!