
അങ്കാര: കാണാതായ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സ്വന്തം കൊലപാതകം റെക്കോര്‍ഡ് ചെയ്ത് വെച്ചിരിക്കാമെന്ന് തുര്‍ക്കിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 2ന് ഇസ്താബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് കയറും മുമ്പ് ആപ്പിള്‍ വാച്ചിലെ റെക്കോര്‍ഡിംഗ് സംവിധാനം ഖഷോഗി ഓണ്‍ ചെയ്തതായാണ് തുർക്കി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സബാ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതും കൊല്ലുന്നതടക്കമുള്ള ഓഡിയോ സന്ദേശം തന്റെ ആപ്പിള്‍ വാച്ചില്‍ പകര്‍ത്തി ഐഫോണിലേക്കും ഐക്ലൗഡിലേക്കും യഥാസമയം അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖഷോഗിയുടെ ആപ്പിള്‍ ഫോണ്‍ അക്രമികള്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വിജയിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ച് അൺലോക്ക് ചെയ്യുകയും ഫോണിലെ ചില ശബ്ദരേഖകള്‍ ഡിലീറ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ആപ്പിള്‍ വാച്ചുകളില്‍ വിരലടയാളം ഉപയോഗിച്ച് അൺലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചത് തുര്‍ക്കിഷ് പത്രത്തിലെ വാർത്തയെ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം ഖഷോഗിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും കോണ്‍സുലേറ്റില്‍ വന്ന അദ്ദേഹം ഉച്ചയോടെ കോണ്‍സുലേറ്റ് വിട്ടെന്നും സൗദി അറേബ്യ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നഈഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ വ്യക്തമാക്കി.
ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഖഷോഗിയെ ഒക്ടോബർ രണ്ടു മുതലാണ് കാണാതാകുന്നത്. ഖഷോഗി സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ തുർക്കിയുടെ പക്കലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചിരുന്നു. എന്നാല്‍ കോണ്‍സുലേറ്റിന്റെ അകത്തേക്ക് പോയ ഖഷോഗി തിരികെ വന്നില്ലെന്നാണ് പ്രതിശ്രുതവധുവായ ഹാറ്റിസ് സെന്‍ജിസ് പറയുന്നത്. അദ്ദേഹം കോണ്‍സുലേറ്റ് വിട്ടതിന് തെളിവ് നല്‍കണമെന്ന് തുര്‍ക്കി സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam