
മണ്ണാര്‍ക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയും സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്തുന്ന മന്ത്രി എകെ ബാലനും ഒരേ വേദിയിൽ. മണ്ണാർക്കാട് സിപിഐ വിട്ട് സിപിഎം ലെത്തിയ നേതാക്കൾക്കുള്ള സ്വീകരണ പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്.
വിവാദങ്ങൾ പാർട്ടിക്ക് ഒന്നുമല്ലെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ശേഷം മന്ത്രി എകെ ബാലന്‍റെ പ്രതികരണം. ഡിവൈഎഫഐ ജില്ലാ കമ്മിറ്റി അംഗം നൽകിയ ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം പുരോഗമിക്കുമ്പോഴാണ് ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ 'അംഗവും വേദി പങ്കിട്ടത്.
പരിപാടിയിൽ പികെ ശശിയെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കൾ അവശ്യമുന്നയിച്ചിരുന്നു. പരിപാടി നടക്കുന്ന തച്ചമ്പാറയിലും മണ്ണാർക്കാട്ടും ശശിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നാണ് പോസ്റ്ററിലെ പരിഹാസം. 'നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന' മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ പ്രസംഗവും പോസ്റ്ററിലുണ്ടായിരുന്നു.
എന്നാൽ ഇതെല്ലാം അവഗണിച്ച് പികെ ശശി ആദ്യം വേദി യിലെത്തി. തുടർന്ന് എത്തിയ എ.കെ ബാലൻ, വി വാദങ്ങൾ പ്രശ്നമല്ലെന്ന് പറഞ്ഞു. പരാതിക്കാരിയുടെ വീടിന് ഏതാനും കിലോമീറ്റർ മാത്രം മാറിയാണ് ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ അംഗവും ഒരുമിച്ച് പങ്കെടുത്ത പരിപടി എന്നതും ശ്രദ്ധേയമാണ്.ഇത് പരസ്യമായി പരാതിക്കാരിയെ വെല്ലുവിളിക്കുന്നതിന് തുല്യമെന്നാണ് ഒരു വിഭാഗം നേതാക്കൾ തന്നെ പറയുന്നത്. ഇരുവരും വേദി പങ്കിട്ടതോടെ സിപിഎം ജില്ലാ ഘടകത്തിലെ ഭിന്നത കൂടുതൽ രൂക്ഷമാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam