ദാമോദരൻ വിവാദത്തിൽ തുടര്‍ചലനങ്ങൾ

By Web DeskFirst Published Jul 19, 2016, 9:11 AM IST
Highlights

പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയോടെ എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം നൽകിയ സര്‍ക്കാര്‍ ഉത്തരവ് തുടക്കം മുതലേ വിവാദമായിരുന്നു. തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ കക്ഷിയായ അഴിമതിക്കേസുകളിലടക്കം എംകെ ദാമോദരൻ എതിര്‍ കക്ഷിയുടെ വക്കാലത്തെടുക്കുന്നത്. 

ഇതോടെ ദാമോദരൻ നിയമോപദേശക സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്ന്  വിമര്‍ശനമുയര്‍ന്നു. പാർട്ടിയിൽ വിമർശനം ഉയർത്തിയത് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. സമൂഹ മാധ്യമങ്ങളിൽ സിപിഎം അനുഭാവികൾ തന്നെ വിമർശനമെയ്തു. എന്നിട്ടും പിണറായി വിജയൻ നിയമസഭയിൽ ദാമോദരനെ ന്യായീകരിച്ചപ്പോൾ കോടിയേരിയടക്കം മറ്റു നേതാക്കൾ മൗനം പാലിച്ചു. 

പരസ്യമായി പറഞ്ഞില്ലെങ്കിലും എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. അതിനിടയിലുണ്ടായ സ്ഥാനമൊഴിയൽ തീരുമാനം സര്‍ക്കാറിന് ആശ്വാസമായി. എങ്കിലും ഭാവിയിൽ പിണറായി ദാമോദരൻ ബന്ധം സര്‍ക്കാറിന് ഉണ്ടാക്കുന്ന വെല്ലുവിളി വലുതാവും. 

ലോട്ടറി, കശുവണ്ടി കോര്‍പറേഷൻ അഴിമതി, ക്വാറി കേസുകളിൽ തുടങ്ങി ദാമോദരൻ ഹാജരാകുന്ന വിവാദ കേസുകളിൽ സര്‍ക്കാര്‍ നിലപാട്  സൂക്ഷ്മമായി വിലയിരുത്തപ്പെടും. പൊതുസമൂഹത്തിൽ എതിർപ്പുയർന്നിട്ടും പ്രതിപക്ഷനേതാവിനും, ഉമ്മൻ ചാണ്ടിക്കും ഇക്കാര്യത്തിൽ ശബ്ദമുയർത്താൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി.  

അടിന്തര പ്രമേയം കൊണ്ടുവരാൻ പോലും കഴിയാത്ത പ്രതിപക്ഷത്തിനെതിരെ കെപിസിസി പ്രസിഡന്റ് പരസ്യമായി രംഗത്തെത്തി. പ്രതിഷേധങ്ങൾ പാര്‍ട്ടി ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം നിലനിൽക്കെയാണ് കിട്ടിയ അവസരം കളഞ്ഞുകുളിച്ചത്. ഫലത്തിൽ തീരുമാനം പ്രതിപക്ഷത്തിനും പ്രതികരണത്തിൽ നിന്ന് ഒഴിവാകാനുള്ള വഴിയായി.

click me!