സിപിഎം ഹിന്ദു വര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് എം എം ഹസന്‍

By Web DeskFirst Published Sep 16, 2017, 9:31 AM IST
Highlights

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയെ സി.പി.എം പ്രീണിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഫാസിസത്തിനെതിരെ പോരാടാൻ യു.ഡി.എഫിനാകില്ലെന്ന കോടിയേരിയുടെ പരാമര്‍ശം  മുസ്ലീം വോട്ട് ഉന്നമിട്ടുള്ള പരിഹാസ്യമായ അവകാശവാദമെന്നും ഹസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

വേങ്ങരയിലേയ്ക്ക് കടക്കുമ്പോള്‍ ഇരു മുന്നണികളും ഇറക്കുന്നത് സാമുദായിക കാര്‍ഡ് തന്നെയാണെന്ന് തെളിയിക്കുന്നതായി കോടിയേരിക്കുള്ള ഹസന്റെ മറുപടി. ഫാസിസത്തെ നേരിടാൻ യു.ഡി.എഫിനാകില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തിന് പിണറായി സര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശിച്ചാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ മറുപടി നല്‍കിയത്.

പാലക്കാട്ട് ദേശീയ പതാക ഉയര്‍ത്തിയ മോഹൻ‍ ഭാഗവത്തിനെതിരെ കേസെടുത്തില്ല, കെ.പി ശശികലക്കെതിരായ കേസിൽ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി, കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനത്തെ പിണറായി വാരിപ്പുണരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഹസൻ ഉന്നയിക്കുന്നത്. മെഡിക്കൽ കോഴക്കേസിൽ മുങ്ങിയ ബി.ജെ.പിയെ സഹായിക്കാനാണ് തിരുവനന്തപുരത്ത് ആര്‍.എസ്.സ് പ്രവര്‍ത്തകനെ സി.പി.എം കൊലപ്പെടുത്തിയതെന്നാണ് മറ്റൊരു ആരോപണം.

വേങ്ങരയിൽ യു.ഡി.എഫ് വോട്ട് ഉയര്‍ത്തുമെന്നും ഇടതുമുന്നണിക്കും ബി.ജെ.പിക്കും വോട്ടു കുറയുമെന്ന് ഹസൻ അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഷയമൊന്നും ഉപതിരഞ്ഞെടുപ്പിൽ ചര്‍ച്ചയാകില്ല. സമവായത്തിലൂടെയായതിനാൽ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും വേങ്ങരയിൽ പ്രശ്നമാകില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

 

click me!