പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5-ലെ എസ് എസ് എൽ സി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കന്ററി പരീക്ഷയുമാണ് മാറ്റിയത്.  

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ഗൾഫ് മേഖലയിൽ മാർച്ച് 5ലെ എസ് എസ് എൽ സി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കന്‍ററി പരീക്ഷയും മാറ്റി വെയ്ക്കാൻ തീരുമാനമായി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർത്ഥികൾ പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാൻ ആകാതെ പരീക്ഷ എഴുതാൻ കഴിയില്ല എന്ന ആശങ്കയിൽ കഴിയുകയാണ് എന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു തീരുമാനമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അങ്ങനെ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ അല്ലെങ്കിൽ പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഗള്‍ഫിൽ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തിൽ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ നടക്കാറുള്ളത്. സംഘര്‍ഷ സാഹചര്യത്തിൽ ഗള്‍ഫിലെ പരീക്ഷ മാറ്റിക്കുകയാണെന്നാണ് അറിയിപ്പ്.

സിബിഎസ്ഇ പരീക്ഷകൾ മാറ്റി

ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.

YouTube video player