മാണി മാരണമെന്ന് വീക്ഷണം; ഖേദം പ്രകടിപ്പിച്ച് എം.എം ഹസന്‍

Published : Jun 10, 2017, 12:33 PM ISTUpdated : Oct 05, 2018, 02:27 AM IST
മാണി മാരണമെന്ന് വീക്ഷണം; ഖേദം പ്രകടിപ്പിച്ച് എം.എം ഹസന്‍

Synopsis

കെ.എം മാണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. അതേ സമയം പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ മുഖപ്രസംഗം പ്രസിദ്ധീകരിച്ച ചീഫ് എഡിറ്റര്‍ പി.ടി തോമസിന്‍റെ നടപടിയില്‍ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വീക്ഷണം മുഖപ്രസംഗത്തെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ തള്ളി

'മാണി എന്ന മാരണം' എന്നായിരുന്നു കോണ്‍ഗ്രസില്‍ വിവാദമായ  വീക്ഷണം മുഖപ്രസംഗത്തിന്റെ തലക്കെട്ട്. യു.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് മാണി കരുതേണ്ടെന്നാണ് വീക്ഷണം വ്യക്തമാക്കുന്നുണ്ട്. കപട രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്‍, പാലാ മാടമ്പി, മാണിയുടെ രാഷ്‌ട്രീയ ചരിത്രം നെറികേടിന്റേത്, തുടങ്ങിയ പ്രയോഗങ്ങളോടെയാണ് മുഖപ്രസംഗം. മാനം വില്‍ക്കാന്‍ തീരുമാനിച്ച മാണി നാല്‍ക്കവയില്‍ നിന്ന് വിലപേശുകയാണ്. കൂടുതല്‍ നല്‍കുന്നവന്റെ കൂടെ പോകും. മാണിക്കും  മകനും ചരിത്രം കരുതി വച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാണ്. പിന്നില്‍ നിന്ന് കുത്തി മലര്‍ത്തുന്ന മാണി രാഷ്‌ട്രീയത്തിന് കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ശിക്ഷ്യപ്പെടേണ്ടി വരും. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജ് നെഞ്ചു പൊട്ടി മരിച്ചത് മാണി കാരണമായിരുന്നു. പി.ടി ചാക്കോയുടെയും കെ.എം ജോര്‍ജിന്റെയും മക്കളെ വഴിയാധാരമാക്കുകയും തന്റെ മകനെ വളര്‍ത്തുകയും ചെയ്ത മാണിയുടെ ദുഷ്‌ടമനസ് കരിങ്കല്ലു പോലെയാണ്. യു.ഡി.എഫ് നൂറ് വട്ടം തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്ന് വീക്ഷണം കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നു.

എന്നാല്‍ പാര്‍ട്ടി പത്രത്തിലെ ഈ മുഖപ്രസംഗം കോണ്‍ഗ്രസിനുള്ളില്‍ വന്‍ വിവാദമായി മാറിയിരിക്കുകയാണ്. കെ.പി.സി.സി നേതൃത്വം അറിയാതെ മുഖപ്രസംഗം എഴുതിയതിലാണ് എ ഗ്രൂപ്പിന്  അതൃപ്തി. പി.ടി തോമസിനോട് വിശദീകരണം ചോദിക്കണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും അതിലേയ്‌ക്ക് കടക്കാനിടിയില്ല. ഈ സാഹചര്യത്തിലാണ് വീക്ഷണത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ തള്ളിയത്. മുഖപ്രസംഗത്തിലേത് പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ അല്ലെന്ന് പറഞ്ഞ എം.എം ഹസന്‍ ഖേദപ്രകടനം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിന്റെ പേരില്‍ മാത്രമാണ് കെ.എം മാണിയോട് അമര്‍ഷമെന്നും ഹസന്‍ വിശദീകരിച്ചു. മാണിയെയും മകനെയും തള്ളി കേരള കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും യു.ഡി.എഫിനൊപ്പം ചേരാനിരിക്കെ വന്ന മുഖപ്രസംഗം ശരിയായില്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറി: മന്ത്രി പി രാജീവ്‌
വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും ഭരണ നൈപുണ്യത്തെയും പുകഴ്ത്തി ശശി തരൂര്‍