നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ടി.ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു.
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കവും ഇറങ്ങിപ്പോക്കും. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം യോഗത്തിൽ ആവശ്യപ്പെട്ടു. വിശദീകരണ റിപ്പോർട്ട് മതിയെന്ന് മറുഭാഗവും വാദിച്ചു. പിന്നീട് യോഗത്തിൽ തർക്കവും ബഹളവുമായി. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ ഇറങ്ങിപ്പോയി.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ തർക്കമുണ്ടായത്. നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏറെ നേരം ശ്രമമുണ്ടായി. യോഗം പൂർത്തിയാക്കാൻ കഴിയാതെ പിരിയുകയായിരുന്നു. വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തൽ ആണ് പാർട്ടി കോട്ടയായ പയ്യന്നൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വകമാറ്റൽ, 2021 ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ആരോപിച്ചത്. ആരോപണ വിധേയനായ ടി. ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു.
