
സൗദിയില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിന് തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന നിയമം റദ്ദാക്കി. അതേസമയം മൊബൈല്‍ സിം കാര്‍ഡ് വില്‍പനയ്‌ക്ക് കടയുടമയുടെ വിരലടയാളം നിര്‍ബന്ധമായതോടെ സ്വദേശികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന കടകളില്‍ സിംകാര്‍ഡ് വില്‍പന കുറഞ്ഞു.
മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ഐഡി നമ്പര്‍ ആവശ്യമില്ല. റീചാര്‍ജ് കാര്‍ഡ് നമ്പരിനോടൊപ്പം വിദേശികളായ വരിക്കാര്‍ ഇഖാമ നമ്പരും സ്വദേശികള്‍ നാഷണല്‍ ഐഡി നമ്പരും അടിക്കണം എന്നായിരുന്നു നിയമം. ഈ നിയമം ഇന്നലെ മുതല്‍ റദ്ദ് ചെയ്‍തതായി സൗദി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിഷന്‍ അറിയിച്ചു. 2012ലാണ് മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിനു ഐ.ഡി.നമ്പര്‍ നിര്‍ബന്ധമാക്കിയത്. ഐഡി നമ്പര്‍ ഇല്ലാതെ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം പുതിയ സിംകാര്‍ഡ് വില്‍ക്കാന്‍ മൊബൈല്‍ ഷോപ്പ് ഉടമകളുടെ വിരലടയാളം നിര്‍ബന്ധമാക്കിയതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ വെട്ടിലായി. മൊബൈല്‍ ഷോപ്പ് ആരുടെ പേരിലാണോ അവരുടെ വിരലടയാളം ഉണ്ടെങ്കില്‍ മാത്രമേ പുതിയ സിംകാര്‍ഡ് വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. സ്വദേശികളായ സ്‌പോണ്‍സര്‍മാരുടെ പേരിലാണ് നിലവില്‍ ഭൂരിഭാഗം മൊബൈല്‍ കടകളും. പല കടകളും നടത്തുന്നതാകട്ടെ വിദേശികളും. സ്‌പോണ്‍സറുടെ അസാന്നിധ്യത്തില്‍ ഇത്തരം കടകളില്‍ സിംകാര്‍ഡ് വില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍. മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം വന്നതോടെ ഈ മേഖലയില്‍ നിക്ഷേപം നടത്തിയവരും ജോലി ചെയ്യുന്നവരുമായ നിരവധി വിദേശികള്‍ ഈ രംഗത്ത് നിന്നും പിന്‍വാങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam