
നോട്ട് അസാധുവാക്കലിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ പാർലമെന്റിലെ ആദ്യ പ്രസംഗത്തിന് ഇന്ന് ലോക്സഭയും രാജ്യസഭയും സാക്ഷ്യം വഹിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. നോട്ട് അസാധുവാക്കലിന് നിയമസാധുത നല്കാനുള്ള ബില്ലും ഇന്ന് ലോക്സഭയുടെ അജണ്ടയിലുണ്ട്.
നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിഷേധം കാരണം പാർലമെന്റ് ശീതകാല സമ്മേളനം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. പിന്നീട് പ്രധാനമന്ത്രി കൈക്കൂലി വാങ്ങിയതായി രാഹുൽ ഗാന്ധിയുടെ ആരോപണവും വന്നു. എന്നാൽ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്പതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം കോൺഗ്രസ് ഉന്നയിച്ചിട്ടില്ല. അതേസമയം , നോട്ട് അസാധുവാക്കലിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. മൂന്നു മണിക്കൂറോളം കഴിഞ്ഞ ദിവസം ചർച്ച കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്നു. എന്തായാലും തന്റെ തീരുമാനത്തെ ശക്തമായി ന്യായീകരിച്ചു കൊണ്ട് നരേന്ദ്ര മോദി സംസാരിക്കാനാണ് സാധ്യത. നോട്ട് അസാധുവാക്കൽ എന്തു നേട്ടമുണ്ടാക്കി എന്ന് പ്രധാനമന്ത്രിക്ക് വിശദീകരിക്കേണ്ടി വരും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കൂടി മനസ്സിൽ വച്ചായിരിക്കും മോദിയുടെ പ്രസംഗം. രാജ്യസഭയിൽ ഗുലാംനബി ആസാദിനൊപ്പം അഹമ്മദ് പട്ടേലിനേയും കോൺഗ്രസ് രംഗത്തിറക്കി. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെയുടെ പ്രസംഗം കഴിഞ്ഞ ദിവസം ലോക്സഭയിൽ വലിയ ബഹളത്തിനിടയാക്കിയിരുന്നു.
നോട്ട് അസാധുവാക്കലിന് നിയമസാധുത നല്‍കാൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി അവതരിപ്പിച്ച ബില്ല് ലോക്സഭ ഇന്ന് പരിഗണിക്കും. രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാത്ത പണബില്ലായാണ് ഇത് കൊണ്ടു വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam