പട്ടയവിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയതോടെ സംസ്ഥാന സർക്കാരിന് ആശ്വാസം. 1964-ലെ ചട്ടപ്രകാരം ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം തുടരാൻ സർക്കാരിന് അനുമതി ലഭിച്ചു. 

കൊച്ചി: പട്ടയവിതരണത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. 1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. 2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം നടത്താൻ സ‍ർക്കാരിന് അനുമതി നൽകി. 1971 ഓഗസ്റ്റ് ഒന്നിന് മുൻപ് ഭൂമി കയ്യേറിയവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നൽകാമെന്ന ചട്ടമായിരുന്നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചുകൊണ്ടായിരുന്നു നടപടി. 1964 ലെ ചട്ടത്തിൽ സമയപരിധി ഉണ്ടായിരുന്നില്ലെന്നും, ഇത് നിരവധി പേർ അനധികൃതമായി അപേക്ഷയുമായെത്താൻ കാരണമായെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.

പട്ടയ വിതരണത്തിൽ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഇന്നലെ പറഞ്ഞിരുന്നു. വാഗമൺ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് വളരെ ശ്രദ്ധേയമായ കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ അദ്ഭുതകരമായ മാറ്റമുണ്ടാക്കി പട്ടയ വിതരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ 1.70 ലക്ഷത്തിലധികം പട്ടയങ്ങൾ നൽകി. കേരളചരിത്രത്തിൽ ആദ്യമായി പട്ടയമിഷൻ രൂപീകരിച്ചു. നാലരലക്ഷം കുടുംബങ്ങളെ ഇതിനോടകം ഭൂമിയുടെ അവകാശികളാക്കി മാറ്റി. ഡിജിറ്റൽ റീ സർവ്വേയിൽ 10 ലക്ഷത്തിലധികം ഭൂമി അളന്ന് തിട്ടപ്പെടുത്തി. വില്ലേജ് ഓഫീസിൽ നിന്ന് ലഭ്യമാക്കേണ്ട 21 സർട്ടിഫിക്കറ്റുകൾ വിദേശ രാജ്യത്തിരുന്ന് സ്വന്തമാക്കാം. എല്ലാ വിവരങ്ങളും ഒറ്റചിപ്പ് ഘടിപ്പിച്ച കാർഡിൽ ഉൾക്കൊള്ളുന്ന റവന്യൂ കാർഡ് 24ന് പുറത്തിറക്കും.

കേരളത്തിൽ 673 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉണ്ട്. കൂടാതെ, 400 ലധികം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറി. 283 ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാഗമൺ സെന്റ് ആന്റണീസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമർ ഫറൂഖ് ശിലാസ്ഥാപനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ മായാ സുജി, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ മിനി കെ. ജോൺ, പീരുമേട് തഹസിൽദാർ വി. സന്തോഷ് എന്നിവർ പങ്കെടുത്തു.