
ദില്ലി: നരേന്ദ്രമോദി സർക്കാരിന്റെ നാലാം വാർഷികത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചരണത്തിന് ബിജെപി തുടക്കം കുറിച്ചു. നാലുവർഷം കൊണ്ട് വികസനം ജനമുന്നേറ്റമാക്കി മാറ്റാനായെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു. വഞ്ചനാദിനമായി ആചരിക്കുന്ന കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും സർക്കാരിനെതിരെ പ്രതിഷേധിച്ചു.
3.15 മിനിറ്റ് നീണ്ടു നില്ക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വിറ്ററിലൂടെ പുറത്തു വിട്ടു. ഗ്രാമ വൈദ്യുതീകരണം, റോഡ് നിർമ്മാണം, സൗജന്യ ഗ്യാസ് കണക്ഷൻ എന്നിവയ്ക്കാണ് 'സംശുദ്ധ ലക്ഷ്യം ശരിയായ വികസനം' എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ വീഡിയോയിൽ പ്രാമുഖ്യം നല്കുന്നത്. പുതിയ ഇന്ത്യയ്ക്ക് അടിസ്ഥാനമിടുന്ന തീരുമാനങ്ങൾ സത്യസന്ധതയോടെ കൈക്കൊണ്ടുവെന്ന് മോദി അവകാശപ്പെട്ടു. ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് തന്റെ ശക്തിയെന്നും ജനസേവനം താൻ ഇതേ വീര്യത്തോടെ തുടരുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഒഡീഷയിലെ കട്ടക്കിൽ മോദി പങ്കെടുക്കുന്ന റാലിയോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിനും തുടക്കം കുറിക്കുകയാണ്.
അതേസമയം കോൺഗ്രസ് ഇന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിന്റെ നാലുവർഷമാണ് കടന്നു പോകുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ വെബ്‍സൈറ്റ് നടത്തിയ സർവ്വെയിൽ 71.95 ശതമാനം പേർ നരേന്ദ്ര മോദിയുടെ ഭരണത്തെ അനുകൂലിച്ചത് ബി.ജെ.പിക്ക് നാലാം വാർഷികത്തിൽ ആയുധമായി. സർവ്വെയിൽ വോട്ടുരേഖപ്പെടുത്തിയ എട്ടരലക്ഷം പേരിൽ 12 ശതമാനം പേർ മാത്രമാണ് രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam