മൂന്നര വർഷത്തിനിടെ കേന്ദ്രം പരസ്യത്തിന് ചെലവിട്ടത് 3755 കോടി

By Web DeskFirst Published Dec 9, 2017, 7:20 PM IST
Highlights

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ പരസ്യ ഇനത്തില്‍ ചെലവഴിച്ചത് 3,754 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 3,754,06,23,616 രൂപ. സാമൂഹിക പ്രവർത്തകൻ രാംവീർ തൻവാർ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വാര്‍ത്താ വിനിമയ മന്ത്രാലയം മറുപടി നല്‍കി.  ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യത്തിനുമാത്രം 1,656 കോടി ചെലവിട്ടു. അച്ചടി മാധ്യമങ്ങൾക്കു നൽകിയത് 1698 കോടിയുടെ പരസ്യം. ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, ബുക്ക്‌ലെറ്റുകൾ, കലണ്ടറുകൾ എന്നിവയ്ക്കു 399 കോടിയും ചെലവാക്കി

2014 ഏപ്രില്‍ മുതല്‍ 2017 ഒക്‌ടോബര്‍ വരെയുള്ള കണക്കാണിത്.കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാരിന്റെ സുപ്രധാന പല പദ്ധതികള്‍ക്കും സുപ്രധാന മന്ത്രാലയങ്ങള്‍ക്കും അനുവദിച്ച തുകയേക്കാള്‍ പതിന്‍മടങ്ങ് വരും പരസ്യച്ചെലവ്. മലനീകരണ നിയന്ത്രണത്തിന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചത് 56.8 കോടി രൂപ മാത്രമാണ്. 2016ല്‍ രാംവീര്‍ തന്‍വാര്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം പരസ്യത്തിന് ചെലവഴിച്ച തുക പറഞ്ഞിരുന്നു. 2014 ജൂണ്‍ ഒന്ന് മുതല്‍ 2016 ഓഗസ്റ്റ് 31 വരെ അത് 1,100 കോടി രൂപയായിരുന്നു.

ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മാത്രമുള്ള പരസ്യത്തിന്റെ കണക്കാണിത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന് ദിനപത്രങ്ങളിലൂടെ നല്‍കിയ പരസ്യത്തിന് 8.5 കോടി രൂപ 2015  ജൂലായ് വരെ ചെലവഴിച്ചതായി രേഖകളില്‍ പറയുന്നു.ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ 2015ല്‍ പരസ്യത്തിന് 526 കോടി രൂപ ചെലവഴിച്ചുവെന്ന് വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

click me!