വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദീഖ്ഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതര്‍.ഗൂഢാലോചനയുണ്ടെന്നും അന്വേഷിച്ച് കുറ്റാവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദീഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതര്‍. എംഎൽഎയെ കൂവി വിളിച്ച് അപമാനിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം പൊലീസിൽ പരാതി നൽകി. പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചത് മനുഷ്യത്വത്തിന് നിരക്കാത്ത നടപടിയാണന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദുരന്തബാധിതർ സംശയിക്കുന്നുവെന്നും സംഘടന ആരോപിച്ചു. വയനാട് എസ്പിക്ക് ആണ് ജനശബ്ദം ചെയർമാൻ പരാതി നൽകിയത്.

അതേസമയം, തനിക്കെതിരെയുണ്ടായ കൂവല്‍ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലുണ്ടായ സമീപനത്തിന്‍റെ ഭാഗമാണെന്ന് ടി സിദ്ധിഖ് എം എല്‍ എ പ്രതികരിച്ചു. കൂവലിന് അര്‍ഹനല്ല എന്ന് ഉറച്ച ബോധ്യമുള്ളതു കൊണ്ടാണ് ആ പരിപാടിയില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചത്. മന്ത്രി കെ രാജന്‍ സര്‍ക്കാര്‍ പരിപാടിയില്‍ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. വേദിയില്‍ നിന്നും ഇടപെടേണ്ട ഒരാള്‍ പോലും ആ സമയത്ത് ഇടപെട്ടില്ലെന്നും ഖേദ പ്രകടനം ആഗ്രഹിക്കുന്നില്ലെന്നും സിദ്ദീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അതിജീവിതർക്കായുള്ള സർക്കാർ പരിപാടിയെ പാർട്ടി പരിപാടിയാക്കിയത് മനുഷ്യത്വ രഹിതമായ നടപടിയാണ്. കൂവലിന് അർഹനല്ലെന്ന് ഉറപ്പുണ്ട്, ദുരന്തബാധിതർ പ്രസം​ഗശേഷം എഴുന്നേറ്റ് നിന്ന് കൈ അടിച്ചുവെന്നും ടി സിദ്ദീഖ് പറഞ്ഞു.

സിദ്ദിഖിനെ കൂവിയത് കൂലിക്ക് എടുത്തവരാണെന്നും ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎൽഎയെന്നും റവന്യൂ മന്ത്രി നടത്തിയ പ്രസംഗം പിൻവലിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.വീട് വെച്ച് കൊടുത്തത് രാഷ്ട്രീയ വത്കരിക്കുന്നത് ശുദ്ധ തോന്നിവാമാണ്. വീടുകൾ വെച്ച് കൊടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. സർക്കാരാണ് വീട് കൊടുത്തത്. എന്നാൽ, സിപിഎം ചെയ്‌തത് പോലെയാണ് പ്രചരണമെന്നും വിഡി സതീശൻ പറഞ്ഞു.

കൂക്കി വിളിച്ചത് ശരിയല്ലെന്ന് മന്ത്രി കെ രാജൻ

ടി സിദ്ദീഖ് എംഎൽഎ പ്രസംഗിക്കുമ്പോൾ ഒരിക്കലും കൂക്കിവിളിച്ചത് ശരിയല്ലെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണത്. ഒരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കിയെന്നും അതിനെയാണ് പരാമര്‍ശിച്ചതെന്നും കെ രാജൻ പറഞ്ഞു.

ടി സിദ്ദീഖിന് പിന്തുണയുമായി ബിജെപി

ടി സിദ്ദിഖ് എംഎൽഎയെ സർക്കാർ പരിപാടിയിൽ കൂവിയത് ശരിയായ നടപടി അല്ലെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ പറഞ്ഞു. വിളിച്ചുവരുത്തിയിട്ട് ഈ വിധം പെരുമാറിയത് ശരിയായില്ല. എംഎൽഎ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയാണ്. തന്നെ ക്ഷണിച്ചു വരുത്തിയിട്ട് ഒരു ഇരിപ്പിടം നൽകിയില്ല എന്നതിൽ പരാതിയില്ല. എന്നാൽ, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ ഇരിപ്പിടം നൽകി. സർക്കാർ പരിപാടി പാർട്ടി പരിപാടിയാക്കി മാറ്റിയെന്നും ബിജെപി ജില്ലാ പ്രസിഡൻറ് പ്രശാന്ത് മലവയൽ ആരോപിച്ചു.

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി, സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളിയുണ്ടായത്. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോള്‍ കൂക്കിവിളിയുണ്ടായി. എന്നാൽ, സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും ടി സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു. ലീഗിന്‍റെ 50ലധികം വീടുകൾ ദുരന്ത ബാധിതർക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സദസിൽ നിന്ന് കൂക്കി വിളിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ അത് തടയാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

YouTube video player