ജുഡീഷ്യറിയിയില്‍ മോദി സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു: ജസ്റ്റിസ് ജെ ചെലമേശ്വര്‍

By Web DeskFirst Published Mar 29, 2018, 9:09 AM IST
Highlights
  • ജുഡീഷ്യറിയിയില്‍ മോദി സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു:  ജസ്റ്റിസ് ജെ ചെലമേശ്വര്‍
  • കൊളീജിയം തീരുമാനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു

ദില്ലി: രാജ്യത്തെ ജുഡീഷ്യറിയിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കൊളീജിയം തീരുമാനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജഡ്ജിമാരുടേയും യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കർണാടകയിലെ പ്രിൻസിപ്പൽ ജില്ലാ–സെഷൻസ് ജഡ്ജി പി.കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം രണ്ടുതവണ ശുപാർശ ചെയ്തെങ്കിലും അത് പരിഗണിക്കാതെ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയ സംഭവമാണ് ജസ്റ്റിസ് ജെ ചെലമേശ്വറിനെ പ്രകോപിപ്പിച്ചത്. 

സര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടലുകള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് ഉദാഹരണമായാണ് പി കൃഷ്ണഭട്ടിന്റെ അനുഭവം ജെ ചെലമേശ്വര്‍ ചൂണ്ടിക്കാണിച്ചു. കൃഷ്ണഭട്ടിന് നിയമനം നല്‍കുന്നതില്‍ തടസം സൃഷ്ടിക്കുന്നത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിചാരണ ചെയ്യാന്‍ ആവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് ഒപ്പു ശേഖരണം നടത്തുന്നിടെയാണ് ജുഡീഷ്യറിയില്‍ നിന്ന് തന്നെ ചീഫ് ജസ്റ്റിസിന് മേല്‍ കനത്ത സമ്മര്‍ദ്ദം നേരിടുന്നത്. 

സർക്കാരിന്റെ അനാവശ്യമായ ഇടപെടലും സമീപനരീതിയും ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു കർണാടകയിലെ ജഡ്ജിനിയമന പ്രശ്നം ഉദാഹരണമാക്കി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിൽ ജസ്റ്റിസ് ചെലമേശ്വർ വാദിക്കുന്നു. കത്തിന്റെ പകർപ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാർക്കും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 12നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തി അധികാര ദുർവിനിയോഗ ആരോപണമുന്നയിച്ച നാലു സുപ്രീം കോടതി ജഡ്ജിമാരിലൊരാളാണു ജസ്റ്റിസ് ചെലമേശ്വർ.

click me!