ഏകീകൃത  സിവില്‍ കോഡിനായി കേന്ദ്രസര്‍ക്കാര്‍

By Web DeskFirst Published Jul 1, 2016, 1:44 PM IST
Highlights

ദില്ലി: ഏകീകൃത  സിവില്‍ കോഡ്‌  നടപ്പാക്കാനുളള സാധ്യതകളെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര  നിയമമന്ത്രാലയം നിയമകമ്മീഷനോട് ആവശ്യപ്പെട്ടു. സർക്കാരിന്‍റെ നീക്കം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്ന്  കോൺഗ്രസ് പ്രതികരിച്ചു

പൊതുപൗരനിയമം നടപ്പാക്കുന്നതിനുളള സാധ്യതകള്‍തേടി കേന്ദ്ര നിയമമന്ത്രാലയം നിയമകമ്മീഷന്‍റെ റിപ്പോര്‍ട്ട്‌  തേടിയിരിക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട്‌  സമര്‍പ്പിക്കാനാണ്‌ സുപ്രീംകോടതി മുന്‍ ജസ്‌റ്റിസ്‌ ബല്‍ബീര്‍ സിങ്‌ ചൗഹാന്‍ അധ്യക്ഷനായ നിയമകമ്മീഷനോട്‌  കേന്ദ്രം ആവശ്യപ്പെട്ടത്‌. 

വിവാഹം,സ്വത്ത്‌ അവകാശം, വിവാഹമോചനം  തുടങ്ങിയവയില്‍  എല്ലാ  പൗരന്മാരേയും  മതാതീതരായി  കൊണ്ടുവരുന്നതാണ് ഏകീകൃതസിവിൽകോഡ്. ഏകീകൃത സിവില്‍ കോഡ്‌ നടപ്പാക്കണമെന്ന്‌ സുപ്രീംകോടതി  പലതവണ  ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ ഇന്ത്യ  ഒരു  പൊതുപൗരനിയമത്തിനായി  ശ്രമിക്കണമെന്ന്‌  ഭരണഘടനയുടെ 44 ആം  അനുഛേദവും  അനുശാസിക്കുന്നു. 

കേന്ദ്രനീക്കം വന്‍രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ വഴിവച്ചിരിക്കുയാണ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്  സർക്കാർ നീക്കമെന്ന് കോൺഗ്രസ് പ്രതികരിച്ചു. 1985ല്‍  ഷാ ബാനു  കേസിനു പിന്നാലെയാണ്‌  ഏകീകൃത  സിവില്‍ കോഡ്‌ ദേശീയതലത്തില്‍ ചര്‍ച്ചയായത്‌.
 

click me!