78 കേന്ദ്രമന്ത്രിമാരില്‍ 72 പേരും കോടിപതികള്‍; 30% പേരും ക്രിമിനല്‍ കേസിലെ പ്രതികള്‍

By Web DeskFirst Published Jul 9, 2016, 5:40 AM IST
Highlights

ദില്ലി: നരേന്ദ്ര മോദി മന്ത്രിസഭയിലെ 78 മന്ത്രിമാരില്‍ 72 പേരും(92%) കോടിപതികള്‍. പുതുതായി മന്ത്രിസഭയിലെത്തിയവരുടെ ശരാശരി ആസ്തി 8.73 കോടി രൂപയാണെങ്കില്‍ മന്ത്രിസഭയിലെ ആകെ അംഗങ്ങളെടുക്കുമ്പോള്‍ ഇത് 12.94 കോടി രൂപയാണ്. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയവരില്‍ എം.ജെ. അക്ബറാണ് ഏറ്റവും വലിയ കോടീശ്വരന്‍. 44.90 കോടി രൂപയാണ് അക്ബറിന്റെ ആസ്തി. മറ്റൊരു സഹമന്ത്രിയായ പി.പി ചൗധരിക്ക് 35.35 കോടിയുടെ സ്വത്തുണ്ട്. കായികമന്ത്രിയായ വിജയ് ഗോയലിന് 30 കോടിയുടെ ആസ്തിയുണ്ട്.സ്വത്തിന്റെ കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍സിമ്രത് ബാദല്‍, പീയുഷ് ഗോയല്‍ എന്നിവരാണ് ഏറ്റവും മുമ്പില്‍.

മന്ത്രിസഭയിലെ 78 പേരില്‍ ആറു പേര്‍ക്ക് മാത്രമാണ് ഒരു കോടിയില്‍ താഴെ ആസ്തിയുള്ളവര്‍. പുതിയ മന്ത്രിമാരില്‍ ഏറ്റവും കുറവ് ആസ്തിയുള്ളത് അനില്‍ മാധവ് ദാവെക്കാണ്. 60.97 ലക്ഷം രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ആസ്തി. കേന്ദ്രമന്ത്രിമാരില്‍ 30 ശതമാനം പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 78 മന്ത്രിമാരില്‍ 24 പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. ഇതില്‍ 14 പേര്‍ ബലാത്സംഗം, കൊലപാതകശ്രമം, തിരഞ്ഞെടുപ്പ് ചട്ടലംഘനം അടക്കമുള്ള ഗൗരവമായ ക്രിമിനല്‍ കേസുകളുള്ളവരാണ്.

മന്ത്രിസഭയിലെ 40 പേരും 41-60 പ്രായപരിധിയില്‍ വരുന്നവരാണ്. മൂന്ന് പേര്‍ 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. മറ്റ് 31 പേര്‍ 60നും 80നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 78 മന്ത്രിമാരില്‍ ഒമ്പത് പേരാണ്(12%) വനിതകളായുള്ളത്.

 

click me!