രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇറാനില്‍

By Asianet NewsFirst Published May 22, 2016, 3:16 PM IST
Highlights

ദില്ലി: രണ്ടു ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനിയുമായും പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുമായും മോദി കൂടിക്കാഴ്ച നടത്തും.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചത്. ഇറാന്‍ ധനമന്ത്രി അലി തയ്യെബ്‌നിയ വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം പിന്‍വലിച്ച ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും കാണുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിലുള്ള സഹകരണവും ഊര്‍ജ മേഖലയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുറമെ വ്യാവസായിക വികസനവും സമാധാനവുമാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കു പുറമെ ഉന്നതതല കൂടിക്കാഴ്ചയും ഉണ്ടാകും. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുമായും മോദി കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കുന്ന കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പു വയ്ക്കും. തെക്കന്‍ ഇറാനിലെ ചബഹര്‍ തുറമുഖത്തിന്റെ വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന കരാറിലും പ്രധാനമന്ത്രി ഒപ്പു വയ്ക്കും. പദ്ധതിക്കായി 1340 കോടി രൂപ ഇന്ത്യ നല്‍കും. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാനും പദ്ധതിയില്‍ പങ്കാളികളാകും. ചബഹറിന് 100കിലോമീറ്റര്‍  അകലെയുള്ള പാകിസ്ഥാനിലെ ഗ്വാധ!ര്‍ തുറമുഖത്തില്‍ ചൈന നിക്ഷേപം നടത്തുന്നതിന് മറുപടിയായാണ് ഇന്ത്യ പദ്ധതിയെ കാണുന്നത്.

കൂടാതെ എണ്ണ ഇറക്കുമതിക്ക് ഇറാനു നല്കാനുള്ള 40,000 കോടി രൂപ എങ്ങനെ കൈമാറും എന്നതു സംബന്ധിച്ചും ധാരണയിലെത്താനാണു സാധ്യത. ടെഹ്‌റാനിലെ ഗുരുദ്വാര സന്ദര്‍ശിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക പാരമ്പര്യം ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനത്തിലും പങ്കെടുക്കും. പതിനഞ്ച് വര്‍ഷത്തിനിടെ ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
 

click me!