പ്രധാനമന്ത്രി തീരപ്രദേശത്തേക്കില്ല

By Web DeskFirst Published Dec 17, 2017, 5:44 PM IST
Highlights

ദില്ലി: പ്രധാനമന്ത്രി  നരേന്ദ്രമോദി തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. തിരുവനന്തപുരത്ത് 1 മണിക്കൂര്‍മാത്രം  ചെലവിടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം മോദി  രാജ്ഭവനില്‍ യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരെ കാണും എന്നാണ് സൂചന. 

ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനായി നരേന്ദ്ര മോദി കേരളത്തിലെത്തും എന്നായിരുന്നു മുമ്പ് ലഭിച്ച സൂചന. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപിൽ സന്ദർശനം നടത്തിയ ശേഷമാകും പ്രധാനമന്ത്രി കേരളത്തിലെത്തുകയെന്നാണ് വിവരം.

പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദർശിക്കണമെന്ന് ലത്തീൻ സഭാ നേതൃത്വം ഉൾപ്പെടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും സംസ്ഥാനത്ത് എത്തുന്നത്. സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരന്തബാധിതരെ കണ്ടത്. ഇവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനും ആവലാതികൾ അറിയിക്കാനുമായി എത്തിയത്. തുടർന്ന് കന്യാകുമാരി ജില്ലയിലെ ഓഖി ദുരന്തബാധിതരെയും രാഹുൽ സന്ദർശിച്ചിരുന്നു.

പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി മുൻപ് സംസ്ഥാനം സന്ദർശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മൽസ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. 

click me!