ഭീകരവാദത്തിന് എതിരെ ശക്തമായ നിലപാടുമായി ഇന്ത്യ യു.എ.ഇയില്‍

By Web DeskFirst Published Feb 11, 2018, 10:02 PM IST
Highlights

രാഷ്‌ട്രീയ വിഷയങ്ങള്‍ ഭീകരവാദത്തിന്  ആരും ആയുധമാക്കരുതെന്ന് ഇന്ത്യയും യു.എ.ഇയും സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി. ഭീകരവാദികള്‍ക്ക് സഹായം നല്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന പരോക്ഷ മുന്നറിയിപ്പും പാകിസ്ഥാന് ഇരുരാജ്യങ്ങളും നല്കി. അബുദാബിയിലെ ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിനിടെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു പിഴവും പാടില്ലെന്ന് നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. നാലരലക്ഷം കോടി രൂപ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപിക്കുമെന്ന പ്രസ്താവന ഒമാന്‍ ആവര്‍ത്തിച്ചു.

52 ഖണ്ഡികയുള്ള വിശദമായ സംയുക്ത പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയും യു.എ.ഇയും പുറത്തിറക്കിയത്. ഇതില്‍ 10 പേജുകള്‍ ഭീകരവാദത്തിനെതിരെയുള്ള നിലപാട് പ്രഖ്യാപിക്കാന്‍ മാറ്റി വെച്ചു. ഒരു തരത്തിലുള്ള ഭീകരവാദവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന, പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പാണ് നല്കുന്നത്. കശ്‍മീര്‍ സൂചിപ്പിച്ചു കൊണ്ട് രാഷ്‌ട്രീയവിഷയങ്ങള്‍ ഭീകരവാദത്തിന് ആയുധമാക്കരുതെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.

അബുദാബി കിരീടവകാശിയും ദുബായ് ഭരണാധികാരിയും സദസ്സില്‍ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേള്‍ഡ് ഗവണ്‍മെന്‍റ് സമ്മിറ്റ് പ്രസംഗം കേട്ടു. ആധാര്‍, ജിഎസ്ടി തുടങ്ങിയവയില്‍ സര്‍ക്കാര്‍ നയത്തെ ശക്തമായി മോദി ന്യായീകരിച്ചു. സാങ്കേതിക വിദ്യ മതതീവ്രവാദത്തിന് ചിലര്‍ ഉപയോഗിക്കുന്നു. സൈബര്‍ സ്‌പെയിസിലെ ഇത്തരം അനാരോഗ്യ പ്രവണത ചെറുക്കണമെന്നും മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.  രാവിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ മാതൃക അനാച്ഛാദനം ചെയ്തു. ഇന്ത്യയില്‍ കാര്യങ്ങള്‍ അതിവേഗം മാറുന്നു എന്നും നോട്ട് അസാധുവാക്കിയപ്പോള്‍ ഉറക്കം നഷ്‌ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു കിട്ടിയിട്ടില്ലെന്നും മോദി പറഞ്ഞു. ക്ഷേത്രത്തിന് സ്ഥലം നല്കിയതിന് അബുദാബി കിരീടവകാശിക്ക് നന്ദി പറഞ്ഞ മോദി ഒരു ചെറിയ പിഴവ് പോലും ക്ഷേത്രത്തിന്‍റെ പേരില്‍ സംഭവിക്കരുതെന്നും നിര്‍ദ്ദേശിച്ചു.

യു..എഇ പ്രധാനമന്ത്രിയും വൈസ്‌പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തി. ആ‍‍ര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മ്യൂസിയം സന്ദര്‍ശിച്ച മോദി യുഎഇയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയാണ് പ്രധാനമന്ത്രിയെ യു.എ.ഇ ഭരണകൂടം യാത്രയാക്കിയത്.

click me!